കണ്ണൂര്‍: തളിപ്പറമ്പ് പട്ടുവം പഞ്ചായത്തിലെ കൂത്താട്ട് പത്താം വാർഡിലുണ്ടായ കുന്നിടിച്ചിലിനെ തുടർന്ന് മുപ്പതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കനത്ത മഴയെ തുടർന്നാണ് കുന്നിടിച്ചിൽ ഉണ്ടായത്. തുടർന്നാണ് നാട്ടുകാരുടെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചത്. കൂത്താട് ഇടുപ്പ റോഡ് മുതൽ അധികാര കടവ് വരെയുള്ള ഒന്നര കിലോമീറ്ററോളമുള്ള പ്രദേശത്തെ കുന്നാണ് പിളർന്ന് നീങ്ങി കൊണ്ടിരിക്കുന്നത്. അനിയന്ത്രിതമായ നീരുറവ മൂലം ഒരു മീറ്ററോളം മണ്ണും കല്ലുകളും വീടുകളിലേക്ക് വീണുകൊണ്ടിരിക്കുന്നതും അപകടത്തിന് കാരണമാകുകയാണ്. നിരവധി വീടുകളുടെ കിണറുകൾ തകരുകയും, വീടിന്‍റെ പിറകില്‍ മണ്ണ് വന്ന് മൂടുകയും ചെയ്‌തിട്ടുണ്ട്. ഏത് നിമിഷവും കുന്നിൻ മുകളിലെ മണ്ണ് മുഴുവൻ വീടുകൾക്ക് മുകളിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്.
പട്ടുവത്ത് കുന്നിടിച്ചില്‍; മുപ്പതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
കൂത്താട് ഇടുപ്പ റോഡ് മുതൽ അധികാര കടവ് വരെയുള്ള ഒന്നര കിലോമീറ്ററോളമുള്ള പ്രദേശത്തെ കുന്നാണ് പിളർന്ന് നീങ്ങി കൊണ്ടിരിക്കുന്നത്.
പ്രദേശത്തെ ഒരു കിലോമീറ്ററോളം വരുന്ന കുന്നിൻ ചെരുവിൽ താമസിക്കുന്ന ജനങ്ങൾക്കും അവരുടെ വീടുകൾക്കും സംരംക്ഷണത്തിന് പ്രത്യേക പാക്കേജ് അനുവദിക്കാൻ സർക്കാർ തയാറാകണമെന്ന് വാർഡ് മെമ്പർ രാജീവൻ കപ്പച്ചേരി ആവശ്യപ്പെട്ടു. പട്ടുവം പഞ്ചായത്ത് പ്രസിഡന്‍റ് ആനക്കീൽ ചന്ദ്രൻ, റവന്യു അധികൃതർ, ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ എന്നിവർ സംഭവ സ്ഥലത്തെത്തി. ജിയോളജി വകുപ്പ് അധികൃതരെയും സംഭവം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ചെറിയ തോതിൽ മണ്ണിടിച്ചൽ ഉണ്ടായെങ്കിലും ഇത്രയധികം ഭീഷണി ഉണ്ടായിരുന്നില്ല.