കണ്ണൂര്‍: കല്യാണത്തിലും രാഷ്ട്രീയ പാർട്ടികളുടെ സമരത്തിന്‍റെ കാര്യത്തിലും ജാഗ്രത നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. ഇനിയും നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കൊവിഡ് പ്രതിരോധത്തിന് നിലവിലെ സംവിധാനങ്ങൾ മതിയാവില്ല. തളിപ്പറമ്പ് താലൂക്ക് ആശുപത്രി മെറ്റേണിറ്റി ബ്ലോക്ക്, ഒപി ബ്ലോക്ക് എന്നിവ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു ആരോഗ്യ മന്ത്രി.
ജാഗ്രതക്കുറവ് കോവിഡ് വ്യാപനം കൂടാൻ ഇടയാക്കി: കെ.കെ ശൈലജ
ഇനിയും നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കൊവിഡ് പ്രതിരോധത്തിന് നിലവിലെ സംവിധാനങ്ങൾ മതിയാവില്ല. കല്യാണ വീടുകൾ പോലും പ്രത്യേക ക്ലസ്റ്ററുകളാകുന്ന സ്ഥിതി വന്നു
ഇളവുകൾ ലഭിച്ചപ്പോൾ വന്ന പൊതുവായ ജാഗ്രതക്കുറവാണ് ഇപ്പോൾ കോവിഡ് വ്യാപനം കൂടാൻ ഇടയാക്കിയത്. കല്യാണ വീടുകൾ പോലും പ്രത്യേക ക്ലസ്റ്ററുകളാകുന്ന സ്ഥിതി വന്നു. സർവ്വീസിലുള്ളവരെ തന്നെയാണ് പ്രധാനമായും കോവിഡ് പ്രതിരോധത്തിന് ഇപ്പോൾ ഉപയോഗിക്കുന്നത്. ഒപ്പം പുതുതായി നിയമിച്ചവരുടെ സേവനവും ഉപയോഗിക്കുന്നുണ്ട്. പുതിയ നിയമനം അനിവാര്യമാണെങ്കിലും മതിയായ ആളുകളെ ലഭ്യമാകാത്ത സ്ഥിതിയുണ്ട്. ഒരുപാട് പേർ കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും അവർ ജോയിൻ ചെയ്യാൻ സന്നദ്ധമാവുന്നില്ല. ആരോഗ്യ പ്രവർത്തകരിൽ കൂടുതലും കോവിഡ് രോഗികളല്ലാത്തവരെ പരിചരിച്ചതിലൂടെ കൊവിഡ് ബാധിച്ചവരാണ്. ആൾക്കൂട്ടം കർശനമായും ഒഴിവാക്കണം.
അമ്മമാർക്കും കുട്ടികൾക്കും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താനാണ് മികച്ച രീതിയിൽ താലൂക്ക് ആശുപത്രിയിൽ മെറ്റേണിറ്റി ബ്ലോക്ക് സജ്ജമാക്കിയത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജയിംസ് മാത്യു എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം, വൈസ് ചെയർപേഴ്സൺ വത്സല പ്രഭാകരൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി ഉമ്മർ, വാർഡ് കൗൺസിലർ സി മുഹമ്മദ് സിറാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.ടി രേഖ എന്നിവർ സംസാരിച്ചു.