കണ്ണൂർ:മരിച്ചയാളുടെ ക്ഷേമ പെൻഷൻ ബാങ്ക് കളക്ഷൻ ഏജന്‍റ് ഒപ്പിട്ടു വാങ്ങിയതായി പരാതി. ഇരിട്ടി പായം പഞ്ചായത്തിലെ അളപ്രളയിലാണ് സംഭവം. മാർച്ച് ഒമ്പതിന് മരണമടഞ്ഞ തോട്ടത്താൻ കൗസു നാരായണന്‍റെ അഞ്ചു മാസത്തെ വാർധക്യ പെൻഷനാണ് കുടുംബം അറിയാതെ ഏപ്രിലില്‍ ഒപ്പിട്ടു വാങ്ങിയതെന്ന് ആരോപിച്ച് കൗസുവിന്‍റെ മകളാണ് രംഗത്തെത്തിയത്. സി.പി.എം വനിതാ നേതാവായ സ്വപ്ന അശോകിനെതിരെയാണ് ബന്ധുക്കളുടെ പരാതി. ബാങ്ക് രേഖകളിൽ പെൻഷൻ വാങ്ങിയതിന്‍റെ തെളിവും കൗസുവിന്‍റെ മകൾ ടി.അജിതയും മരുമകൻ കെ.ബാബുവും വാർത്താസമ്മേളനത്തില്‍ ഹാജരാക്കി.
മാർച്ച് ഒമ്പതിന് മരിച്ച കൗസുവിന്‍റെ മരണ പത്രം മാർച്ച് 20 തന്നെ പഞ്ചായത്തിൽ ഹാജരാക്കിയിരുന്നു. ഏപ്രിൽ ആദ്യവാരം സമീപത്തെ ക്ഷീരോല്‍പാദക സഹകരണ സംഘത്തിൽ വെച്ചാണ് പെൻഷൻ വിതരണം ചെയ്തത്. വാർഡ് അംഗത്തോട് ചോദിച്ചപ്പോൾ മരിച്ചതിനാൽ പെൻഷൻ ഇല്ലെന്ന് പറഞ്ഞതായി മകൾ പറഞ്ഞു. പിന്നീടാണ് അമ്മയുടെ പേരിലുള്ള അഞ്ചു മാസത്തെ പെൻഷനായ 6100 രൂപ വാങ്ങിയതായി കണ്ടെത്തിയത്. ഇരിട്ടി റൂറൽ ബാങ്ക് വഴിയാണ് പെൻഷൻ ലഭിച്ചുകൊണ്ടിരുന്നത്. വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം, ധനാപഹരണം എന്നിങ്ങനെ ഗുരുതര കുറ്റം ആരോപിക്കപ്പെട്ട സ്വപ്നയെ ബാങ്ക് സസ്പെന്‍റ് ചെയ്തിരുന്നു.