കണ്ണൂര്‍: ഇ ബുൾജെറ്റ് വ്ളോഗർ സഹോദരന്മാരായ ഇരിട്ടിയിലെ എബിൻ വർഗീസ്, സഹോദരൻ ലിബിൻ വർഗീസ് എന്നിവരുടെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ മുഖേന കണ്ണൂർ പൊലീസ് നൽകിയ ഹര്‍ജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
ഇരുവർക്കും കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതിൽ ഇടപെടാൻ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജ് ജോബിൻ സെബാസ്റ്റ്യൻ തയ്യാറായില്ല.
ലഹരി ഇടപാട് തെളിയിക്കാനായില്ല
കുറ്റാരോപിതർക്ക് ലഹരി ഇടപാടുകളുമായി ബന്ധമുണ്ടെന്ന് സമർത്ഥിക്കാന്‍ പ്രോസിക്യൂഷനായില്ല. മണാലിയിൽ കഞ്ചാവ് ലഭിക്കുമെന്ന് യൂട്യൂബിൽ നൽകിയെന്നായിരുന്നു പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന് വ്യക്തമായ തെളിവുകൾ ഇല്ലായിരുന്നു.
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 9ന് കണ്ണൂരിലെ ആർടി ഓഫിസിൽ അതിക്രമിച്ചു കയറി ബഹളം വെക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്‌തതിനാണ് ഇരുവരും അറസ്റ്റിലായത്.
റിമാന്‍ഡിലായ സഹോദരങ്ങൾക്ക് മണിക്കൂറുകൾക്കകം ഉപാധികളോടെ ജാമ്യം കിട്ടി. ഇരുവർക്കും കണ്ണൂർ കോടതി ജാമ്യം അനുവദിക്കും മുൻപേ കസ്റ്റഡി അപേക്ഷയുമായി പൊലീസ് എത്തിയിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. കുറ്റാരോപിതരുടെ കൂടുതൽ നിയമലംഘന വിവരങ്ങൾ പുറത്ത് വന്നതോടെയാണ് ജാമ്യം റദ്ദാക്കാൻ പൊലീസ് മേൽകോടതിയെ സമീപിച്ചത്.
Read more: ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്നു ബന്ധം സംശയിച്ച് പൊലീസ്