കുറ്റ്യാടി പക്രംതളം ചുരത്തിൽ കലാകാരന്മാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം വേറിട്ട അനുഭവമായി മാറി. സ്നേഹ കലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ വടകര, നാദാപുരം, കുറ്റ്യാടി മേഖലകളിലെ കലാകാരന്മാരാണ് ഇഫ്താർ സംഗമം ഒരുക്കിയത്.
സ്നേഹത്തിന്‍റെ വഴി തുറന്ന് സംഗീത സന്ധ്യയും ഇഫ്താർ സംഗമവും
ഗായകരും കലാകാരന്മാരുമായ സഫീർ കുറ്റ്യാടി, ഫസൽ നാദാപുരം എന്നിവരുടെ നേതൃത്വത്തിലാണ് ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചത്.
ഇശൽ ഗായകൻ എരഞ്ഞോളി മൂസ, മിമിക്രി കലാകാരൻ റഫീഖ് മാത്തോട്ടം എന്നിവരുടെ അനുസ്മരണ വേദി കൂടിയായി മാറിയ ചടങ്ങിൽ നൂറോളം കലാകാരന്മാരാണ് അണിനിരന്നത്. നോമ്പുതുറയ്ക്കു മുമ്പെ കലാകാരന്മാരുടെ നേതൃത്വത്തിൽ സംഗീത സാന്ദ്രമായ ഗാനാലാപന പരിപാടികൾക്ക് തുടക്കം കുറിച്ചിരുന്നു. മനുഷ്യസ്നേഹവും, മതസൗഹാർദ്ദവും എന്നും ജനങ്ങൾക്കിടയിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
അറിയപ്പെടുന്ന ഗായകരും കലാകാരന്മാരുമായ സഫീർ കുറ്റ്യാടി, ഫസൽ നാദാപുരം എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടി കലാകാരന്മാർക്കുള്ള അംഗീകാരം കൂടിയായി മാറി.