വിപ്ലവങ്ങളാൽ ചുവന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിരിക്കുന്ന മുഖം, അതായിരുന്നു കോടിയേരിക്കാരൻ ബാലകൃഷ്‌ണൻ. കമ്മ്യൂണിസ്റ്റ് താൽപര്യമില്ലാത്ത, കോൺഗ്രസ് അനുഭാവി കുടുംബത്തിൽ നിന്നെത്തിയ അവിചാരിത കമ്മ്യൂണിസ്റ്റുകാരൻ. ആരെയും പിണക്കാതെ മുന്നോട്ടുപോകാൻ ശ്രമിക്കുന്ന, സൗമ്യനായ, അതേസമയം നിലപാടുകളിൽ കാർക്കശ്യമുള്ള വ്യക്തിത്വത്തിനുടമ.
വിദ്യാർഥി നേതാവായി രാഷ്‌ട്രീയത്തിലേക്ക്:1953 നവംബർ 16ന് കണ്ണൂർ ജില്ലയിൽ തലശ്ശേരിയ്ക്കടുത്ത് കോടിയേരിയിൽ പരേതരായ മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്‍റെയും നാരായണിയമ്മയുടെയും മകനായാണ് ബാലകൃഷ്‌ണന്‍ ജനിച്ചത്. സ്‌കൂൾ പഠനകാലത്ത് തന്നെ കൊടിപിടിച്ചുതുടങ്ങിയതായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ജീവിതം. ഓണിയൻ ഗവൺമെന്‍റ് ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആയിരിക്കുമ്പോൾ കോടിയേരി ബാലകൃഷ്‌ണൻ കെഎസ്എഫിന്‍റെ യൂണിറ്റ് സ്‌കൂളിൽ ആരംഭിക്കുകയും അതിന്‍റെ സെക്രട്ടറിയായി ചുമതലയേൽക്കുകയും ചെയ്‌തു.
താഴേത്തട്ടിൽ തുടങ്ങിയ രാഷ്‌ട്രീയ ജീവിതം:പതിനേഴാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം, പതിനെട്ടാം വയസില്‍ ലോക്കല്‍ സെക്രട്ടറി. ഇതിനിടയില്‍ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃതലങ്ങളിലും പ്രവര്‍ത്തിച്ചു. 1970ലാണ് ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി കോടിയേരി തെരഞ്ഞെടുക്കപ്പെടുന്നത്.
അതേ വർഷം തന്നെ സിപിഎമ്മിന്‍റെ രൂപീകരണത്തിന് പിന്നാലെ, 1973ൽ അദ്ദേഹം കോടിയേരി ലോക്കൽ കമ്മറ്റി സെക്രട്ടറിയായും തുടർന്ന് എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായും ചുമതലയേറ്റു. 1973 മുതല്‍ 1979 വരെ എസ്എഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി, അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
2011 മുതൽ നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി, 2008 ഏപ്രിൽ മൂന്നിന് കോയമ്പത്തൂരിൽ വച്ച് നടന്ന പാർട്ടി കോൺഗ്രസിൽ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006 മേയ് 18 മുതൽ 2011 മേയ് 18 വരെ അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തരം, വിജിലൻസ്, ജയിൽ, അഗ്നിശമനം, സംയോജനം, ടൂറിസം എന്നീ വകുപ്പുകൾ വഹിച്ചു.
എസ്എഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്‍റായിരുന്നു കോടിയേരി. എസ്എഫ്ഐയുടെ തന്നെ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. അന്ന് പതിനാറ് മാസത്തോളം പിണറായി വിജയനും എം.പി വീരേന്ദ്ര കുമാറുമുൾപ്പെടെയുള്ള നേതാക്കളോടൊപ്പം മിസ (MISA) തടവുകാരനായി ജയിൽശിക്ഷ അനുഭവിച്ചു.
അങ്ങനെ ബ്രാഞ്ച് സെക്രട്ടറിയിൽ തുടങ്ങി സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവും വരെ എത്തിനിൽക്കുന്നു അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ചരിത്രം. പടിപടിയായി ഉയർന്ന സ്ഥാനമാറ്റങ്ങളിൽ പഠിച്ചും പരിചയിച്ചും പരുവപ്പെടുത്തിയ രാഷ്‌ട്രീയം പിന്നീടങ്ങോട്ടും അദ്ദേഹം കൈമുതലാക്കി.
അമരക്കാരനായി കോടിയേരി:വിഭാഗീയതയുടെ ചുഴിയിൽപ്പെട്ട് സിപിഎം ഉലയുന്ന കാലത്ത് ഇടനിലക്കാരനായി നിന്നു കോടിയേരി. വിഎസ്-പിണറായി പോരിൽ പിണറായിക്കൊപ്പമായിരുന്നെങ്കിലും ഇടഞ്ഞുനിന്ന വിഎസിനെ പിണക്കി വിരുദ്ധ ചേരിയിൽ ചാമ്പ്യനാകാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല. 2015ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായി അമരത്തെത്തുമ്പോൾ, 16 വർഷം പിണറായി വിജയൻ വഹിച്ചിരുന്ന സ്ഥാനം പിന്നീടങ്ങോട്ട് കോടിയേരിയുടെ കൈകളിൽ ഭദ്രമായിരുന്നു.
മദ്രാസിലെ ഒരു ചിട്ടി കമ്പനിയിൽ കണക്കെഴുത്തുകാരനായി ആദ്യ ജോലി ചെയ്‌തിരുന്ന അദ്ദേഹത്തിന്, വർഷങ്ങൾക്കിപ്പുറം പാർട്ടിയുടെ 'കണക്കെഴുത്തും' വളരെ ഉത്തരവാദിത്വത്തോടെ നിർവഹിക്കാനായി. 2015ലെ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിന് ശേഷം 2018ൽ കണ്ണൂരിലെ സമ്മേളനത്തിലും 2022ൽ എറണാകുളത്തെ സമ്മേളനത്തിലും സ്ഥാനത്തുടർച്ച നേടാനായത് കോടിയേരി എന്ന നേതാവിലെ ജനസ്വീകാര്യതയെ പ്രതിഫലിപ്പിക്കുന്നു.
പാർട്ടി നേതൃസ്ഥാനങ്ങൾ കണ്ണൂരിൽ ചുരുങ്ങുന്നുവെന്ന വിമർശനങ്ങൾ നേരിട്ട കാലത്തും പിന്നീടങ്ങോട്ട് മകൻ ബിനീഷ് കോടിയേരി വിവാദം കത്തിനിന്ന കാലത്തും കോടിയേരിയല്ലാതെ മറ്റൊരു സമ്മതനായ നേതാവ് പാർട്ടി അമരക്കാരനായി വരുന്നതിനോട് സിപിഎമ്മിന് താൽപര്യമുണ്ടായിരുന്നില്ല എന്നതാണ് വാസ്‌തവം. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ കൂടി പിടിമുറുക്കിയതോടെ സെക്രട്ടറിസ്ഥാനം ഒഴിയണമെന്ന കോടിയേരിയുടെ നിർബന്ധത്തിന് മുന്നിൽ പാർട്ടി നേതൃത്വം വഴങ്ങുകയായിരുന്നു.
എതിരാളികൾക്കും പ്രിയങ്കരൻ:അസാധാരണ നേതാവല്ല, എന്നാൽ പാർട്ടിക്ക് പുറത്തും അകത്തുമുള്ള നേതാക്കൾക്കും അണികൾക്കുമിടയിൽ അസാധാരണ സ്വീകാര്യതയുള്ള നേതാവ്, അതാണ് കോടിയേരി ബാലകൃഷ്‌ണൻ. പൊതുസ്വീകാര്യതയിലൂടെ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറി പദവിയിലേക്കെത്തിയത് അതിനുദാഹരണമാണ്. പാർട്ടിക്കകത്തും പുറത്തും സൗഹൃദങ്ങൾക്ക് അതിരുകൽപ്പിക്കാത്ത നേതാവ്. എന്നാൽ പാർട്ടി പറയുന്നതിനപ്പുറം ഒന്നും ചെയ്യുകയോ പറയുകയോ ഇല്ല.
അതിസങ്കീർണ രാഷ്‌ട്രീയ സാഹചര്യങ്ങളെയും വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്‌ത ചരിത്രമാണ് അദ്ദേഹത്തിന്. എതിരാളികൾക്ക് പോലും സ്വീകാര്യനായ നേതാവ് പക്ഷേ, പ്രതിരോധത്തിലായത് സ്വന്തം കുടുംബാംഗങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങളുടെ പേരിലായിരുന്നു. ബെംഗളൂരു ലഹരിക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിലെ മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റും ജയിൽവാസവുമൊക്കെ ജനപ്രിയ നേതാവിലെ സ്വീകാര്യതയ്‌ക്ക് തെല്ലൊന്ന് മങ്ങലേൽപ്പിച്ചു.
മക്കളാൽ ക്രൂശിക്കപ്പെട്ടെങ്കിലും സ്വർണക്കടത്ത് വിവാദവും കെ-റെയിൽ വിമർശനങ്ങളും നേരിടുന്ന പാർട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ഭാഷയായിരുന്നു കോടിയേരിയുടെ മുഖം. വാവിട്ട വാക്ക് പല നേതാക്കൾക്കും വിനയാകുന്ന കാലത്ത് വളരെ കരുതലോടെ മുന്നോട്ട് പോയിരുന്ന വ്യക്തി. 'തിരുവായ്‌ക്കെതിർവാ' മട്ടുള്ള രാഷ്‌ട്രീയ നേതാക്കൾക്കിടയിൽ സമവായത്തിന്‍റെ ശൈലി പരീക്ഷിച്ച് വിജയിച്ച കോടിയേരിയുടെ തട്ട് താണുതന്നെ നിൽക്കും.