കണ്ണൂര്‍: വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സി ഒ ടി നസീറിന് നേരെയുണ്ടായ വധശ്രമത്തില്‍ പങ്കില്ലെന്ന സിപിഎമ്മിന്‍റെ വാദം പൊളിയുന്നു. കേസിന് പ്രദേശിക തലത്തിലുള്ള രാഷ്ട്രീയ ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ ആക്രമണത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് നസീര്‍ പറഞ്ഞതായി പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ചികിത്സയില്‍ കഴിയുന്ന നസീറിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ജയരാജന്‍റെ പ്രതികരണം. അതേസമയം തലശേരിയിലെയും കൊളച്ചേരിയിലെയും ബ്രാഞ്ച് കമ്മിറ്റിയംഗങ്ങൾക്കും തലശേരിയിലെ ഒരു പ്രമുഖ നേതാവിനും അക്രമത്തിൽ പങ്കുണ്ടെന്ന് സി ഒ ടി നസീർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസിൽ നേരിട്ട് ബന്ധമുള്ള മൂന്നുപേരെയും ഗൂഢാലോചന നടത്തിയ മൂന്നുപേരെയും പ്രതിചേർത്തിട്ടുണ്ട്.
സിപിഎമ്മിന്‍റെ വാദം പൊളിയുന്നു; സി ഒ ടി നസീറിന് നേരെയുണ്ടായ ആക്രമണത്തിന് രാഷ്ട്രീയബന്ധമെന്ന് പൊലീസ് - പ്രതികള്‍
ആക്രമണത്തിന് പ്രാദേശിക തലത്തിലുള്ള രാഷ്ട്രീയ ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി.
കേസില്‍ പിടിയിലായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കൃത്യത്തില്‍ പങ്കെടുത്ത കതിരൂർ സ്വദേശി അശ്വന്ത്, ഗൂഢാലോചനയിൽ പങ്കെടുത്ത കൊളച്ചേരി സ്വദേശി സോജിത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പ്രതികൾ ഉപയോഗിച്ച പൾസർ ബൈക്ക്, ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ എന്നിവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ മാസം പത്തൊമ്പതിനാണ് സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും തലശേരി നഗരസഭാംഗവുമായിരുന്ന നസീറിന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ നസീര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.