ബിനോയ് കോടിയേരിക്കെതിരായ പീഢന പരാതി; മുംബൈ പൊലീസ് കണ്ണൂരില്‍ എത്തി - mumbai-police
2019-06-19 15:53:43
ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചനയുണ്ട്
കണ്ണൂര്‍: ബിനോയ് കോടിയേരിയുടെ കേസ് അന്വേഷിക്കുന്ന മുംബൈ പോലീസ് കണ്ണൂരിൽ എത്തി. 33 വയസുകാരിയായ മുംബൈ സ്വദേശിനി നല്‍കിയ പീഢനപരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസിന്‍റെ അന്വേഷണം. യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ ബിനോയ് കോടിയേരിയുടെ കണ്ണൂരിലെ മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ബിനോയ് വിദേശത്തായതിനാല്‍ അന്വേഷണ സംഘത്തിന് ഇയാളെ കണ്ടെത്താനായില്ല. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിനോയിക്ക് മുംബൈ പൊലീസ് നോട്ടീസ് നല്‍കി. ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.
ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. ബലാത്സംഗം,വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ബിനോയ് കോടിയേരിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 2009 മുതൽ 2018 വരെയുളള കാലത്ത് പല തവണ താൻ പീഢിപ്പിക്കപ്പെട്ടെന്നും തന്നെ വിവാഹം ചെയ്യാമെന്ന് ബിനോയ് വാക്ക് തന്നിരുന്നുവെന്നുമാണ് യുവതിയുടെ ആരോപണം. നിലവിൽ എട്ട് വയസുളള കുട്ടിയുടെ അമ്മയാണ് പരാതിക്കാരി. എന്നാൽ കഴിഞ്ഞ വർഷം മാത്രമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും കേരളത്തിൽ രണ്ട് കുട്ടികളുണ്ടെന്നും യുവതി മനസിലാക്കിയത്. യുവതിയുടെ പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ ഈ മാസം 13നാണ് മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദുബായില്‍ കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന ആളാണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും പണവും സ്വർണവും സമ്മാനമായി നല്‍കിയിട്ടുണ്ടെന്നും പരാതിക്കാരി പറയുന്നു. എന്നാല്‍ പരാതി വസ്തുതാ വിരുദ്ധമെന്നും കേസ് ബ്ളാക്ക്മെയിലിങ്ങാണെന്നും ബിനോയ് പ്രതികരിച്ചു. യുവതിക്ക് എതിരെ താൻ പരാതി നല്‍കിയതാണെന്നും ബിനോയിയുടെ പ്രതികരണം. ഇതിനിടെ യുവതിക്കെതിരെ ബിനോയ് കണ്ണൂർ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയും മുംബൈ പൊലീസ് പരിശോധിക്കും.