കണ്ണൂർ: തളിപ്പറമ്പിൽ മോഷണ കേസിലെ പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാര്ഡിന്റെ പിന്‍ നമ്പര്‍ ഉപയോഗിച്ച് അരലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുന്ന പൊലിസുകാരന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.
തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിലെ സിപിഒ ചെറുതാഴം സ്വദേശി ഇ.എന്‍ ശ്രീകാന്തിന്‍റെ അപേക്ഷയാണ് ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.
also read:പ്രതിയില്‍ നിന്നും പൊലീസുകാരന്‍ എടിഎം കാര്‍ഡ് തട്ടി പണം കവര്‍ന്ന കേസ് ക്രൈംബ്രാഞ്ചിന്
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കേസിനസ്പദമായ സംഭവം നടന്നത്. മോഷണക്കേസിൽ അറസ്റ്റിലായ പുളിമ്പറമ്പ് സ്വദേശി ഗോകുലി(26)ന്‍റെ സഹോദരിയുടെ എ.ടി.എം കാര്ഡിന്റെ പിന്‍ നമ്പര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ശ്രീകാന്ത് രഹസ്യമായി ചോദിച്ച് മനസിലാക്കി അരലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് കേസ്.
പണം നഷ്ടപ്പെട്ടത് മനസിലാക്കിയ സഹോദരി തളിപ്പറമ്പ് ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇയാളെ റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ സസ്പെൻഡ് ചെയ്തിരുന്നു. കേസിന്‍റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.വി മനോജ് കുമാറിന്‍റെ നേതൃത്വത്തില്‍ ഏറ്റെടുക്കുകയായിരുന്നു.