കണ്ണൂർ:ഏഴ് വിശേഷപ്പെട്ട മരങ്ങൾ ഒന്നു ചേർന്ന് തലയുയർത്തി നിൽക്കുന്ന ഒരു വൃക്ഷ മുത്തശ്ശിയുണ്ട് തളിപ്പറമ്പിൽ. 2011ൽ വനംവകുപ്പ് വൃക്ഷ മുത്തശ്ശി പട്ടം നൽകി ആദരിച്ച 700 വർഷത്തിലധികം പഴക്കമുള്ള ഏഴിലം പാല. രാജരാജേശ്വര ക്ഷേത്രത്തിന്‍റെ തെക്ക് കിഴക്ക് ഭാഗത്താണ് ഈ വൃക്ഷമുത്തശ്ശി ഇന്നും തണലും തണുപ്പും നൽകി വളർന്നു പന്തലിച്ച് നിൽക്കുന്നത്.
700ൽ അധികം പഴക്കമുള്ള വൃക്ഷ മുത്തശ്ശി
അത്തി, ഇത്തി, പേരാൽ, അരയാൽ എന്നി നാല്പ്പാമരങ്ങളും ഏഴിലം പാല, ദന്തപാല, പൊൻ ചെമ്പകം എന്നിവയുമാണ് ഒറ്റ മരത്തിൽ കെട്ടുപിണഞ്ഞു ഒറ്റ മരമായി ഇരിക്കുന്നത്. ഉയരത്തിൽ വളർന്നു നിൽക്കുന്ന ഏഴിലം പാല മാത്രമാണെന്നേ ഒറ്റ നോട്ടത്തിൽ പറയുവാൻ സാധിക്കുകയുള്ളു. മരത്തിന്‍റെ അടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കിയാൽ വ്യത്യസ്‌ത മരങ്ങളെ കാണാൻ കഴിയും.