കണ്ണൂര്‍: കൊവിഡ് വ്യാപനം കണക്കിലെടുത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 110 തടവുകാര്‍ക്ക് പരോള്‍ നല്‍കി. ജയിലിലെ അന്തേവാസികള്‍ക്കിടയിലും ഉദ്യോഗസ്ഥര്‍ക്കിടയിലും കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജയില്‍ തടവുകാരുടെ അംഗസംഖ്യ ക്രമീകരിക്കാന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചത്. ഇതുപ്രകാരമാണ് തടവുകാര്‍ക്ക് താല്‍കാലിക പരോള്‍ അനുവദിച്ചത്. രണ്ടു ദിവസങ്ങളിലായി 110 തടവുകാരാണ് പരോളില്‍ ഇറങ്ങിയത്. ചൊവ്വാഴ്‌ച 50 തടവുകാര്‍ കൂടി പുറത്തിറങ്ങും. കൂടാതെ ജയില്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത അവധിയും നല്‍കി.
ഇതിനിടെ ജയിലില്‍ കൊവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു. കണ്ണൂര്‍ ജയിലിലെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ 178 അന്തേവാസികള്‍ക്കും 12 ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശിക്ഷാതടവുകാര്‍ക്ക് 90 ദിവസത്തെ പരോള്‍ അനുവദിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജയില്‍ ഉന്നതാധികാര സമിതിയാണ് പരോളിനുള്ള ഉത്തരവ് ഉറക്കിയത്.