മൂന്ന് പതിറ്റാണ്ടിനിടെയിലെ ഏറ്റവും വലിയ പോളിങ് ശതമാനമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ ദേശീയ ശ്രദ്ധയിലെത്തിയ വയനാട് ലോക്സഭാ മണ്ഡലത്തിലും ചരിത്രം തിരുത്തിയ പോളിങ്ങാണ് നടന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഏഴ് ശതമാനത്തിലധികമാണ് വയനാട്ടില്‍ പോളിങ് രേഖപ്പെടുത്തിയത്. 2009ല്‍ 74.74, 2014ല്‍ 73.25 എന്നിങ്ങനെയായിരുന്നു വോട്ടിങ് ശതമാനം. 2019ല്‍ അത് 80.26 ആയി.
മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പോളിങ് ശതമാനം ഉയര്‍ന്നു.
രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രിയങ്കയടക്കമുള്ള ദേശീയ നേതാക്കൾ വയനാട്ടി എത്തി പ്രചാരണം നയിച്ചതും പോളിങ് ശതമാനം വർധിക്കുന്നതിന് കാരണമായി. രാഹുലിന് എതിരായ പോരാട്ടം എന്ന നിലയില്‍ എല്‍ഡിഎഫും എൻഡിഎയും ശക്തമായ പ്രചാരണമാണ് വയനാട്ടില്‍ നടത്തിയത്. കര്‍ഷക - ആദിവാസി വോട്ടുകള്‍ നിര്‍ണായകമാകുന്ന മണ്ഡലത്തില്‍ വനാവകാശ സംരക്ഷണ നിയമവും വന്യജീവി പ്രശ്നങ്ങളും രാത്രിയാത്രാ നിരോധനവും പരാമര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷനും പ്രിയങ്കാ ഗാന്ധിയും വയനാട്ടിലെ വോട്ടർമാരെ ആകർഷിച്ചു. യുഡിഎഫിന്‍റെ കുത്തക മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.അതേസമയം, കോൺഗ്രസിന്‍റെ ഉദാരവല്‍ക്കരണ നയങ്ങൾക്ക് എതിരെ കര്‍ഷക റാലി നടത്തിയായിരുന്നു എല്‍ഡിഎഫ് പ്രതിരോധം. രാഹുല്‍ വയനാട്ടില്‍ പരാജയപ്പെടുമെന്നും എല്‍ഡിഎഫ് നേതാക്കൾ പ്രചാരണത്തില്‍ അവകാശപ്പെട്ടു. പരമാവധി പാർട്ടി വോട്ടുകൾ പോൾ ചെയ്യിക്കാനുള്ള ശ്രമം സിപിഎമ്മും സിപിഐയും നടത്തുകയും ചെയ്തു. രാഹുല്‍ എത്തിയതോടെ ബിജെപിയും കളം മാറ്റി. ഏറ്റവും ശക്തനായ സ്ഥാനാർഥിയെ വയനാട്ടില്‍ രംഗത്തിറക്കിയാണ് രാഹുലിന് എതിരായ പോരാട്ടം എൻഡിഎ കടുപ്പിച്ചത്. എൻഡിഎ സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളി കൂടി എത്തിയതോടെ മുൻപെങ്ങുമില്ലാത്ത വിധംവയനാട് ശക്തമായ ത്രികോണ മത്സരത്തിന് വേദിയായി.13,57,819 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 32,031 പേര്‍ പുതിയ വോട്ടര്‍മാരാണ്. മണ്ഡലത്തിലെ 1311 പോളിങ് ബൂത്തുകളും വോട്ടിങ് ദിവസം പുലര്‍ച്ചെ മുതല്‍ സജീവമായിരുന്നു. മിക്കയിടത്തും രാവിലെ ആറ് മുതല്‍ തന്നെ വോട്ട് ചെയ്യാനെത്തിയവരുടെ വലിയ നിരകള്‍ ദൃശ്യമായി. വോട്ടിങ് സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും തിരക്ക് തുടര്‍ന്നു. വോട്ടിങ് യന്ത്രത്തിന്‍റെ തകരാറുകളും തര്‍ക്കങ്ങളും പോളിങ് ശതമാനത്തിന്‍റെ ക്രമാനുഗതമായ വര്‍ധനവിനെ തടസപ്പെടുത്തിയില്ല. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വിഐപി മണ്ഡലത്തില്‍ അതീവ സുരക്ഷയിലായിരുന്നു വോട്ടിങ് നടന്നത്. വര്‍ധിച്ച സുരക്ഷാ ക്രമീകരണങ്ങളും പോളിങിനെ ബാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്.