വയനാട്: ലോക്ക് ഡൗണിനു ശേഷം കൂടിയ പച്ചക്കറിവില വയനാട്ടിൽ സാധാരണ നിലയിലെത്തി. ജില്ലാ ഭരണകൂടത്തിന്‍റെ കർശന ഇടപെടൽ കൊണ്ട് കൂടിയാണ് വില പിടിച്ചുനിർത്താനായത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം റോക്കറ്റ് പോലെയാണ് വയനാട്ടിൽ പച്ചക്കറി വില കുതിച്ചുയർന്നത്. കിലോയ്ക്ക് 30 രൂപ വിലയുണ്ടായിരുന്ന പച്ചമുളകിന് 80 രൂപയായി. 20 രൂപ വിലയുണ്ടായിരുന്ന തക്കാളിയുടെ വില 40 രൂപയുമായി . 20 രൂപ ഉണ്ടായിരുന്ന ക്യാബേജിന്‍റെയും വില ഉയർന്ന് 35ൽ എത്തി.
പച്ചക്കറി വില പിടിച്ചുനിര്‍ത്തി വയനാട് ജില്ലാ ഭരണകൂടം - വയനാട് വാര്‍ത്ത
ജില്ലാ ഭരണകൂടം തന്നെ വില നിശ്ചയിച്ച് തുടങ്ങിയതോടെ വിലവർധനവ് നിയന്ത്രിക്കാനായി.
എന്നാൽ പിന്നീട് അവശ്യസാധനങ്ങൾക്ക് ജില്ലാ ഭരണകൂടം തന്നെ വില നിശ്ചയിച്ച് തുടങ്ങിയതോടെ വിലവർധനവ് നിയന്ത്രിക്കാനായി. ഏപ്രിൽ ഒന്നിന് തക്കാളിക്ക് കിലോയ്ക്ക് മുപ്പതും പച്ചമുളകിന് അറുപതും സവാളയ്ക്ക് നാല്‍പ്പതും രൂപയാണ് ജില്ലാഭരണകൂടം നിശ്ചയിച്ച വില. തക്കാളിക്ക് ഇരുപതും പച്ചമുളകിന് മുപ്പതും ഉരുളക്കിഴങ്ങിന് 34ഉം കാബേജിന് ഇരുപത് രൂപയുമാണ് ഇപ്പോഴത്തെ ചില്ലറ വില്‍പന വില. നേന്ത്രക്കായ പ്രാദേശികമായി കിട്ടുന്നതുകൊണ്ട് 12 രൂപയാണ് ഒരു കിലോഗ്രാമിന് വില. മറ്റു പച്ചക്കറികൾ അധികവും കർണാടകത്തിൽ നിന്നാണ് വയനാട്ടിലേക്ക് കൊണ്ടുവരുന്നത് .