വയനാട് : ദേശീയപാത 766 ലെ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് നാട്ടുകാർ സുൽത്താൻ ബത്തേരിയിൽ നടത്തിയിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പകൽ യാത്ര നിരോധിക്കാൻ ആവശ്യപ്പെടില്ലെന്ന കർണ്ണാടക സർക്കാരിന്‍റെ തീരുമാനത്തെ തുടർന്നാണ് നിരാഹാരസമരം അവസാനിപ്പിച്ചത്. പാതയിലെ ഗതാഗത സംരക്ഷണം ഉറപ്പുവരുത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് സമരത്തിനുള്ള ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് മന്ത്രി ടി.പി രാമകൃഷ്‌ണന്‍ പറഞ്ഞു.
ദേശീയപാതയിലെ യാത്രാനിരോധനം; നിരാഹാരസമരം അവസാനിപ്പിച്ചു
12 ദിവസം മുൻപാണ് സുൽത്താൻ ബത്തേരിയിൽ യുവജന കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നിരാഹാര സമരം തുടങ്ങിയത്.
മന്ത്രി എ.കെ ശശീന്ദ്രൻ നാരങ്ങ നീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. നിരവധി സംഘടനകള്‍ സമരത്തിന് ഐക്യദാർഢ്യവുമായി നഗരത്തിലെത്തിയിരുന്നു. മന്ത്രിമാർക്ക് പുറമേ കെ.സുധാകരൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരും ഇന്ന് സമരപന്തലിൽ എത്തി. സർക്കാരും നിയമസഭയും വയനാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ടെന്ന് മന്ത്രി ടി.പി രാമകൃഷ്‌ണന്‍ പറഞ്ഞു. ആവശ്യം വന്നാൽ വീണ്ടും സമരം തുടങ്ങുമെന്ന തീരുമാനത്തോടെയാണ് സമരം അവസാനിപ്പിച്ചത്. ഈ മാസം പതിനെട്ടിനാണ് സുപ്രീം കോടതി ഗതാഗത നിരോധനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും പരിഗണിക്കുന്നത്.