ആലപ്പുഴ: സിപിഐആലപ്പുഴ ജില്ല സെക്രട്ടറിയായി ടി.ജെ ആഞ്ചലോസ് തുടരും. ഹരിപ്പാട് നടന്ന ജില്ല സമ്മേളനത്തില്‍ നാടകീയമായ രംഗങ്ങൾക്കൊടുവിലാണ് സിപിഐ ജില്ല നേതൃത്വത്തെ തെരഞ്ഞെടുത്തത്. നിലവിലെ മാനദണ്ഡ പ്രകാരം ഒരു ടേം കൂടി ആഞ്ചലോസിന് നൽകണമെന്ന് സംസ്ഥാന നേതൃത്വം നിലപാട് എടുത്തതോടെയാണ് ആഞ്ചലോസ് തുടര്‍ച്ചയായി രണ്ടാം തവണയും പാര്‍ട്ടി ജില്ല സെക്രട്ടറിയാകുന്നത്.
വിമത വിഭാഗത്തിൽ നിന്ന് പ്രതിനിധികൾ ജില്ല കൗൺസിലിലേക്ക് മത്സരിക്കാൻ ഒരുങ്ങിയെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ട് മത്സരം ഒഴിവാക്കുകയായിരുന്നു. ഇതിന് ശേഷമാണ് നിലവിലെ ജില്ല സെക്രട്ടറി ടി ജെ ആഞ്ചലോസ് തന്നെ സെക്രട്ടറി സ്ഥാനത്ത് തുടരാൻ സംസ്ഥാന നേതൃത്വം നിർദേശിച്ചത്. സംസ്ഥാന നേതൃത്വം യോഗം ചേർന്ന ശേഷം പാനൽ അവതരിപ്പിക്കുകയായിരുന്നു.
57 അംഗ ജില്ല കൗൺസിലിനെ സമ്മേളനം തെരഞ്ഞെടുത്തപ്പോൾ നിലവിലുള്ള 20 പേരെ കൗൺസിലിൽ നിന്ന് ഒഴിവാക്കി. പുതുതായി തിരഞ്ഞെടുത്ത ജില്ല കൗൺസിലിൽ എട്ടു പേർ വനിതകളാണ്. രണ്ട് ജില്ല അസിസ്റ്റന്‍റ് സെക്രട്ടറിമാരെ സംസ്ഥാന സമ്മേളനത്തിന് ശേഷമാവും തിരഞ്ഞെടുക്കുക.