ആലപ്പുഴ:കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി വളരെ രൂക്ഷമാണെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്‍റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ കാരണമാണ് മറ്റ് പല സംസ്ഥാനങ്ങളെയും പോലെ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാര്‍; തോമസ് ഐസക്
തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ തൊഴിലുറപ്പ് പദ്ധതി വിപുലമാക്കണം. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും തോമസ് ഐസക്.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി അംഗീകരിക്കുകയാണ് വേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു. ഇതുസംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്താനും തുടർ നടപടികൾ ചർച്ച ചെയ്ത് ആലോചിക്കാനും സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തിൽ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുകയാണ് വേണ്ടത്. രാജ്യത്തെ വാഹനവിപണി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ വാഹനങ്ങൾ വാങ്ങാൻ ആറ് മാസത്തേക്ക് പലിശ രഹിതമോ പലിശ കുറഞ്ഞതോ ആയ വായ്‌പ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.