ആലപ്പുഴ: ആനയടിയിൽ ഭവനാങ്കണത്തിലേക്ക് കടക്കുമ്പോൾ നമ്മെ സ്വീകരിക്കുന്നത് കൂറ്റൻ കൊമ്പനാനയുടെ ശിൽപമാണ്. വീടിനോട് ചേർന്ന് ഗതകാല സ്മൃതി അയവിറക്കി വിന്‍റേജ് കാറുകളുടെ വലിയ ശേഖരവും കാണാം. സ്‌കൂട്ടറുകൾ, വില്ലുവണ്ടികൾ, പല്ലക്കുകൾ എന്നിവയും പുരാവസ്‌തു ശേഖരത്തിലുണ്ട്.
ഈ വീട് നിറയെ പുരാതന കാലഘട്ടങ്ങളിലെ അത്യപൂർവങ്ങളായ പുരാവസ്‌തുക്കളുടെ വിപുലവും, വിസ്‌തൃതവുമായ ശേഖരമാണ്. ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ ആനയടിയിൽ രാമചന്ദ്രൻ നായരും മകൻ ഡോ. നിജേഷുമാണ് ഇത് ഒരുക്കിയിരിക്കുന്നത്.
കാർഷിക സംസ്കൃതിയുടെ തിരുശേഷിപ്പുകളായ ഉപകരണങ്ങളാണ് പ്രധാനമായും രാമചന്ദ്രൻ നായർ ശേഖരിച്ചിരുന്നത്. പുത്തൻ തലമുറക്ക് അന്യമായ ഈ വസ്‌തുക്കൾ നിധി പോലെയാണ് ഇരുവരും കാത്തു സൂക്ഷിക്കുന്നത്.
പഴമയുടെ തിരുശേഷിപ്പുകളുമായി അച്ഛനും മകനും പ്രൗഢ ഗംഭീരമായ ശിൽപങ്ങൾ...
ചുമരുകളിൽ നിറയെ പഴയ കാലത്തെ ചിത്രങ്ങൾ, അലമാരകളുടെ തട്ടുകളിൽ പ്രൗഢ ഗംഭീരമായ ശിൽപങ്ങൾ, പഴയ കാല കുപ്പികൾ, ഭരണികൾ എന്നിവയുമുണ്ട്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണാധികാരികളുടെ വിവിധ തരം തോക്കുകൾ ഭംഗിയായി ചുമരിൽ തറച്ചു സൂക്ഷിച്ചിട്ടുണ്ട്. വിവിധ തരം കത്തികൾ, പിച്ചാത്തികൾ, വാളുകൾ, കുന്തങ്ങൾ, ഗോത്രവർഗക്കാരുടെ ആയുധങ്ങൾ, തോക്കുകളിലെ തിരകൾ, വിവിധ നാടുകളിലെ സ്റ്റാമ്പുകൾ, നാണയങ്ങൾ, ഇലക്‌ട്രോണിക്, ഇലക്‌ട്രിക്കൽ, ഉപകരണങ്ങൾ, ആദ്യകാലത്തെ ടൈപ്പ്റൈറ്റിങ് മെഷീനുകൾ, വ്യത്യസ്‌ങ്ങളായ ഗ്രാമഫോണുകൾ എന്നിവയും പുരാവസ്‌തു ശേഖരത്തിനെ മികവുറ്റതാക്കുന്നു.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കറൻസികളും ശേഖരത്തിൽ
കേരളത്തിൽ നിലവിലുണ്ടായിരുന്ന കാശ്, പൈസ, അണ, എന്നിവയും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കറൻസികളും ഈ ശേഖരത്തിലുണ്ട്. ആദ്യകാലത്തെ പ്രമുഖ ദിനപത്രങ്ങൾ, ചരിത്രമായ ക്ഷേത്രപ്രവേശന വിളംബര കരാർ, സതി നിർത്തലാക്കിയ വിളംബര പകർപ്പ്, വിവിധങ്ങളായ രാജശാസനകളുടെ പകർപ്പുകൾ എന്നിവയും ആനയടിയിൽ വീട്ടിലെ പുരാവസ്‌തു ശേഖരത്തിനെ വ്യത്യസ്‌തമാക്കുന്നു. ശേഖരം കാണാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്. സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി സൗജന്യമായി ഹോം മ്യൂസിയത്തിനുള്ള തയ്യാറെടുപ്പിലാണ് പഴമയെ സ്നേഹിക്കുന്ന ഈ അച്ഛനും, മകനും.
പ്രവാസിയായിരുന്ന രാമചന്ദ്രൻ നായര്‍ ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്. നിജേഷ് പത്തനംതിട്ട ട്രൈബൽ ഹെൽത്ത് സെന്‍ററിൽ ഡോക്‌ടറാണ്.
ALSO READ:സിആർപിഎഫ് ജവാൻ നാല് സഹപ്രവർത്തകരെ വെടിവച്ച് കൊലപ്പെടുത്തി