ആലപ്പുഴ:കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ എൻഡിഎയിൽ ആര് സ്ഥാനാർത്ഥിയാകുമെന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച സീറ്റിൽ ഇത്തവണ ആരായിരിക്കും മത്സരിക്കുക എന്നതാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ. സുഭാഷ് വാസുവായിരുന്നു കഴിഞ്ഞ തവണ കുട്ടനാട്ടിൽ എൻഡിഎ സ്ഥാനാർഥി. എന്നാൽ ഇത്തവണ തുഷാർ വെള്ളാപ്പള്ളി - സുഭാഷ് വാസു വിഭാഗങ്ങളുടെ ചേരിതിരിഞ്ഞുള്ള മത്സരം എൻഡിഎയ്ക്ക് പ്രതിസന്ധിയാകും.
കുട്ടനാട്ടിൽ ഏത് പാർട്ടി മത്സരിക്കണമെന്ന് മുന്നണി യോഗം ചേർന്നതിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു എൻഡിഎ നേതാവ് കുമ്മനം രാജശേഖരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഇത്തവണ സീറ്റ് ആർക്ക് നല്‍കണമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ല. തെരഞ്ഞെടുപ്പിൽ അന്തിമ തീരുമാനം വന്ന ശേഷമായിരിക്കുമെന്നും സ്ഥാനാർഥി നിർണയം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബിഡിജെഎസിലെ
പ്രശ്നങ്ങൾ മുന്നണിയെ ബാധിക്കില്ലെന്നും തുഷാർ വെള്ളാപ്പള്ളി അധ്യക്ഷനായ പാർട്ടിയാണ് എൻഡിഎയുടെ ഭാഗമെന്നും സുരേന്ദ്രൻ നിലപാട് വ്യക്തമാക്കുമ്പോൾ താനാണ് പ്രസിഡന്‍റ് എന്നാണ് സുഭാഷ് വാസുവിന്‍റെ അവകാശവാദം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥിയായ സുഭാഷ് വാസു 33000 ലധികം വോട്ടുകൾ നേടിയിരുന്നു. എന്നാൽ നിലവിൽ കുട്ടനാട്ടിൽ മത്സരിക്കാനില്ലെന്ന് സുഭാഷ് വാസു വ്യക്തമാക്കിയിട്ടുണ്ട്. മുൻ ഡിജിപി സെൻകുമാറിനെ ആർഎസ്എസ് പിന്തുണയോടെ സ്ഥാനാർഥിയാക്കുമെന്ന് സുഭാഷ് വാസു വിഭാഗം അവകാശപ്പെടുന്നു. അതേസമയം സുഭാഷ് വാസുവിന്‍റെ വിമത നീക്കങ്ങൾ കുട്ടനാട്ടിൽ നടപ്പാകില്ലെന്ന് തുഷാർ വെള്ളാപ്പള്ളി വിഭാഗവും പറയുന്നു. ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായാൽ മണ്ഡലത്തിലെ ഈഴവ വോട്ടുകൾ വിഭജിക്കാൻ കാരണമാകും. അങ്ങനെയെങ്കിൽ ബിഡിജെഎസിൽ നിന്ന് ബിജെപി സീറ്റ് ഏറ്റെടുക്കുമോ അതോ ബിഡിജെഎസ് പുതുമുഖങ്ങളെ പരീക്ഷിക്കുമോയെന്ന ചർച്ചകളും മണ്ഡലത്തിൽ സജീവമാണ്.