ആലപ്പുഴ: മാവേലിക്കരയിൽ പൊലീസുകാരിയെ തീ കൊളുത്തി കൊന്നത് വിവാഹഭ്യർത്ഥന നിരസിച്ചതിനെന്ന് പൊലീസ് പറഞ്ഞു.
വിവാഹഭ്യർത്ഥന നിരസിച്ചത് കൊലപാതകത്തിലേക്ക് കലാശിച്ചു അജാസ് കൊല്ലുമെന്ന് സൗമ്യ നേരത്തെ പറഞ്ഞിരുന്നതായി സൗമ്യയുടെ മൂത്ത മകൻ പൊലീസിന് മൊഴി നൽകി. അജാസിൽ നിന്നും കടം വാങ്ങിയ പണം തിരികെ നൽകാൻ സൗമ്യ ശ്രമിച്ചെങ്കിലും അജാസ് കൈപ്പറ്റിയിരുന്നില്ലെന്നും ഭീഷണി ഉണ്ടായിരുന്ന കാര്യം നേരത്തെ തന്നെ വള്ളികുന്നം എസ് ഐയെ അറിയിച്ചിരുന്നതായും സൗമ്യയുടെ അമ്മ പറഞ്ഞു.
അതിരുവിട്ട സൗഹൃദത്തിന് പിന്നാലെ അജാസ് സൗമ്യയോട് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. മൂന്നു കുട്ടികളുടെ അമ്മയായ സൗമ്യ അതിൽ നിന്ന് ഒഴിഞ്ഞുമാറി. ഈ വൈരാഗ്യമാണ് അതിക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്.
കടംവാങ്ങിയ ഒന്നര ലക്ഷം രൂപ തിരികെ നൽകാൻ സൗമ്യയും അമ്മയും കഴിഞ്ഞ ആഴ്ച കൊച്ചിയിലെത്തിയെങ്കിലും തുക കൈപ്പറ്റാൻ അജാസ് തയ്യാറായില്ല. നേരത്തെ ബാങ്ക് വഴി നൽകിയ പണവും തിരിച്ചയച്ചിരുന്നു. സൗമ്യയെയും അമ്മയെയും കൊച്ചിയിൽ നിന്ന് പ്രതി തന്നെ കാറിൽ തിരികെ ആലപ്പുഴയിൽ എത്തിച്ചിരുന്നു.
അതേസമയം ഭീഷണിയുള്ളതായി സൗമ്യ അറിയിച്ചിരുന്നില്ലെന്ന് വള്ളികുന്നം പൊലീസ് പ്രതികരിച്ചു. സൗമ്യയുടെ പോസ്റ്റ് മോർട്ടം വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിൽ പൂർത്തിയായി. കൊലപാതകത്തിനിടെ പൊള്ളലേറ്റ അജാസിന്‍റെ നില ഗുരുതരമായി തുടരുകയാണ്. ഇതുവരെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല.