ഹരിപ്പാട് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് - ആലപ്പുഴ
കാറിൽ പിന്തുടർന്നെത്തിയ ഒരു സംഘം ആളുകള്‍ ബസിന്‍റെ ചില്ലുകൾ എറിഞ്ഞ് തകർക്കുകയായിരുന്നു.
ആലപ്പുഴ: ഹരിപ്പാടിന് സമീപം കെഎസ്ആർടിസി ബസിന് നേരെ ആക്രമണം. കോയമ്പത്തൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിന് നേരെ ഇന്നലെ പുലർച്ചയോടെയാണ് ആക്രമണം ഉണ്ടായത്. കാറിൽ പിന്തുടർന്നെത്തിയ ഒരു സംഘം ആളുകള്‍ ബസിന്‍റെ ചില്ലുകൾ എറിഞ്ഞ് തകർക്കുകയായിരുന്നു. അഞ്ച് യുവാക്കൾ കാറിലെത്തി ബസ് നിർത്താൻ ആവശ്യപ്പെട്ടുവെന്നും ബസിന്‍റെ വേഗത കുറഞ്ഞതോടെ കല്ലെറിയുകയായിരുന്നു എന്നും ഡ്രൈവർ എ മുരളി പറഞ്ഞു. കല്ലേറിൽ ബസിന്‍റെ മുൻഭാഗത്തെ ചില്ലുകളും ഹെഡ്‌ലൈറ്റും ഭാഗികമായി തകർന്നിട്ടുണ്ട്. ബസിനെ ഏറെ നേരം പിന്തുടര്‍ന്ന അക്രമികള്‍ ബസിന്‍റെ പിൻഭാഗത്തെ ചില്ലുകളും എറിഞ്ഞ് തകർത്തു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.