കൊല്ലം:എൻ.വിജയൻപിള്ളയുടെ നിര്യാണത്തോടെ ചവറ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക്. തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവു വന്ന കുട്ടനാട് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനൊപ്പം ചവറയും ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഈ നിയമസഭാ കാലയളവിലെ പത്താം ഉപതെരഞ്ഞെടുപ്പിനാകും ഏപ്രില്‍ അവസാന വാരം സാക്ഷിയാകുക. കുട്ടനാട്ടിൽ ഏപ്രില്‍ മാസം തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചിട്ടുണ്ട്.
കുട്ടനാടിനൊപ്പം ചവറയും; ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു - കുട്ടനാട് ഉപതെരഞ്ഞെടുപ്പ്
പിണറായി സര്‍ക്കാരിന്‍റെ കാലത്തെ പത്താം ഉപതെരഞ്ഞെടുപ്പിലേക്കാണ് സംസ്ഥാനം കടക്കുന്നത്. കുട്ടനാട്ടിൽ ഏപ്രില്‍ മാസം തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചിട്ടുണ്ട്.
2017-ൽ മലപ്പുറത്ത് നിന്നുള്ള ലോക്സഭാംഗമായ ഇ.അഹമ്മദിന്‍റെ നിര്യാണത്തെ തുടർന്ന് വേങ്ങര മണ്ഡലത്തെ നിയമസഭയെ പ്രതിനിധീകരിച്ച പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ സ്ഥാനം രാജിവെച്ച് ലോക്സഭയിലേക്ക് മത്സരിച്ചതായിരുന്നു ഈ നിയമസഭാ കാലയളവിലെ ആദ്യ ഉപതെരഞ്ഞെടുപ്പ്. വേങ്ങര മുസ്ലീംലീഗ് നിലനിർത്തിയപ്പോൾ ചെങ്ങന്നൂരിന്‍റെ പ്രതിനിധിയായ കെ.കെ രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ സിപിഎം പ്രതിനിധി സജി ചെറിയാൻ സീറ്റ് നിലനിർത്തി. പിന്നീട് നടന്ന മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. എന്നാല്‍ തുടർന്നുവന്ന ഉപതെരഞ്ഞെടുപ്പില്‍ പാല സീറ്റിൽ എൽ.ഡി.എഫ് അട്ടിമറി വിജയം നേടി. നിയമസഭാംഗത്വം രാജിവെച്ച് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ച അടൂർ പ്രകാശ്, കെ.മുരളീധരൻ, ഹൈബി ഈഡൻ, എ.എം ആരിഫ് എന്നിവരുടെ ഒഴിവുകളിലേക്ക് കോന്നി, വട്ടിയൂർക്കാവ്, എറണാകുളം, അരൂർ എന്നിവിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നു. കോന്നിയും വട്ടിയൂർക്കാവും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോൾ അരൂർ യുഡിഎഫ് പിടിച്ചെടുക്കുകയും എറണാകുളം നിലനിർത്തുകയും ചെയ്തു.