ആലപ്പുഴ: അജ്ഞാത രോഗം ബാധിച്ച് അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. അമ്പലപ്പുഴ, പുറക്കാട്, തോട്ടപ്പള്ളി ഭാഗങ്ങളിലാണ് ആയിരക്കണക്കിന് താറാവുകൾ ചത്തത്. 70 ദിവസം പ്രായമായ താറാവുകൾ രണ്ടാഴ്ചയ്ക്കിടെ കൂട്ടത്തോടെ ചത്തതാണ് കർഷകരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.
അധികൃതർ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്‍റെ പരിശോധന റിപ്പോർട്ട് വന്ന ശേഷം മാത്രമേ പക്ഷിപ്പനിയാണോ ഇതെന്ന് സ്ഥിരീകരിക്കാനാവു.
പുറക്കാട് പഞ്ചായത്തിലെ ആറാം വാർഡിൽ ഇല്ലിച്ചിറ അറുപതിൽച്ചിറ ജോസഫ് ചെറിയാൻ എന്ന കർഷകന്‍റെ നാലായിരത്തോളം താറാവുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ചത്തത്. ക്രിസ്‌മസ് വിപണി ലക്ഷ്യമിട്ട് വളർത്തിയിരുന്ന താറാവുകളാണ് ചത്തത്. സമീപത്തെ മറ്റ് കർഷകരുടെ താറാവുകൾ കൂടി ചത്തുവീണതോടെയാണ് പ്രദേശവാസികളിൽ കൂടുതൽ ആശങ്കയുണ്ടാക്കിയത്.