തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വീഴ്‌ചയില്‍ പരസ്യ ശാസന എന്ന സംഘടന നടപടി നേരിട്ട ജി സുധാകരനെ അനുനയിപ്പിക്കാന്‍ നീക്കവുമായി സിപിഎം. പ്രകോപനപരമായ നിലപാട് സുധാകരന്‍റെ ഭാഗത്ത് നിന്നുമുണ്ടാകാതിരിയ്ക്കാനാണ് സിപിഎം തിരക്കിട്ട് ശ്രമിക്കുന്നത്.
ശനിയാഴ്‌ച സംഘടന നടപടിയുണ്ടായ സംസ്ഥാന സമിതി യോഗത്തിന് പിന്നാലെ ജി സുധാകരന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. മുഖ്യമന്ത്രി സുധാകരനെ വിളിച്ച് വരുത്തുകയായിരുന്നു. തെറ്റ് തിരുത്തി പാര്‍ട്ടിയ്ക്കൊപ്പം നില്‍ക്കാന്‍ തയാറാകണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി തന്നെ സുധാകരനെ വിളിച്ചു വരുത്തിയത്. സിപിഎമ്മിനുള്ളിലെ പൊതു നിലപാടും ഇതുതന്നെയാണ്.
സുധാകരനെതിരെ ശക്തമായ പടയൊരുക്കം
ആലപ്പുഴയിലെ പാര്‍ട്ടിയെ വര്‍ഷങ്ങളായി നയിച്ചിരുന്നത് സുധാകരനായിരുന്നു. തോമസ് ഐസക്ക് കൂടി ശക്തനായി എത്തിയതോടെ പലപ്പോഴും വിഭാഗീയ പ്രശ്‌നങ്ങളുണ്ടായപ്പോഴും ഭൂരിപക്ഷം സുധാകരനൊപ്പമായിരുന്നു. എന്നാല്‍ നിലവില്‍ സുധാകരനെതിരെ ശക്തമായ ഒരു പടയൊരുക്കം ജില്ലയില്‍ നിന്ന് തന്നെ നടന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്‌ച സംബന്ധിച്ച് പരിശോധിച്ച ഏളമരം കരീം, കെ.ജെ തോമസും ഉള്‍പ്പെട്ട അന്വേഷണ സമിതി സുധാകരന്‍റെ ഭാഗത്ത് നിന്നും ഉണ്ടായ 22 വീഴ്‌ചകളാണ് കണ്ടെത്തിയത്. അമ്പലപ്പുഴയില്‍ സലാമിനെ പരാജയപ്പെടുത്താന്‍ സുധാകരന്‍ ശ്രമിച്ചില്ലെങ്കിലും വിജയത്തിനായി ആത്മര്‍ത്ഥമായ ശ്രമമുണ്ടായില്ല, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിയ്ക്കുമെന്ന് സുധാകരന്‍ പ്രതീക്ഷിച്ചു.