ആലപ്പുഴ: കായംകുളം കറ്റാനത്ത് ആംബുലൻസിൽ വധൂവരന്മാരുടെ യാത്ര. വിവാഹ ചടങ്ങുകൾക്ക് ശേഷം വരന്‍റെ ഗൃഹത്തിലേക്കുള്ള യാത്രയ്ക്കാണ് ആംബുലൻസ് ഉപയോഗിച്ചതായി പരാതി ഉയർന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം.
യാത്രയുടെ ദൃശ്യം സുഹൃത്തുക്കൾ പകർത്തി സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്. കായംകുളം എയ്ഞ്ചൽ ആംബുലൻസ് സർവീസിൻ്റെ വാഹനമാണ് വിവാഹ യാത്രയ്ക്ക് ഉപയോഗിച്ചത്. അത്യാഹിത സർവീസിന് ഉപയോഗിക്കുന്ന ആംബുലൻസ് വിവാഹ ആവശ്യത്തിനായി ഉപയോഗിച്ചതിന് എതിരെ പരാതിയുമായി ആംബുലൻസ് ഓണേഴ്‌സ് ആൻ്റ് ഡ്രൈവേഴ്‌സ് അസോസിയേഷൻ രംഗത്ത് വന്നു.
കായംകുളത്ത് ആംബുലൻസ് കല്യാണവാഹനമാക്കി; ദൃശ്യം വൈറല്‍, കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് ALSO READ:ധീരജ് വധം: പ്രതികള്‍ ഈ മാസം 25 വരെ റിമാൻഡില്‍
ഇവരുടെ പരാതിയിന്മേൽ ഗതാഗത മന്ത്രിയുടെ നിർദേശ പ്രകാരം അത്യാഹിത സർവീസ് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു. നിലവിൽ വാഹന ഉടമയ്ക്കും ഡ്രൈവർക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്. ആംബുലൻസ് വാഹനത്തിന്‍റെ പെർമിറ്റും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്.
പരാതിയിൽ ഉടമയുടെയും ഡ്രൈവറുടെയും വാദം കേട്ട ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ആർടിഒ വ്യക്തമാക്കി. ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലയിലെ ആംബുലൻസ് ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങാൻ നിർദേശിക്കുമെന്നും ശക്തമായ ബോധവത്കരണം സംഘടിപ്പിക്കുമെന്നും ആർടിഒ അറിയിച്ചു.