ആലപ്പുഴ: ജനങ്ങളെ ആശങ്കയിലാഴ്‌ത്തി ജില്ലയില്‍ ആഫ്രിക്കൻ ഒച്ച് ശല്യം ദിനംപ്രതി രൂക്ഷം. ജില്ലയുടെ വടക്ക്-കിഴക്കൻ പ്രദേശത്താണ് പ്രധാനമായും ഒച്ചുകളുടെ ശല്യമുള്ളത്. ഇതിൽ തന്നെ മുഹമ്മ, തണ്ണീർമുക്കം, മാരാരിക്കുളം വടക്ക്, ആര്യാട് പഞ്ചായത്തുകളിലും ചേർത്തല, ആലപ്പുഴ നഗരസഭ പ്രദേശങ്ങളിലുമാണ് ഒച്ചുകളുടെ ശല്യം രൂക്ഷമായിട്ടുള്ളത്.
അക്കാറ്റിന ഫുലിക്ക എന്ന ശാസ്‌ത്രനാമമുള്ള ആഫ്രിക്കന്‍ ഒച്ചാണ് പ്രധാനമായുമുള്ളത്. മറ്റുരാജ്യങ്ങളിൽ നിന്ന് തടി ഇറക്കുമതിയിലൂടെ കേരളത്തിൽ എത്തിയ ഇവ 2018ലെയും 2019ലെയും വെള്ളപ്പൊക്കത്തിലൂടെയാണ് വ്യാപിച്ചത്. അഞ്ചുമുതൽ ആറുവർഷംവരെയാണ് ആഫ്രിക്കന്‍ ഒച്ചുകളുടെ ആയുസ്.
തണുത്ത പ്രതലത്തിൽ ജീവിക്കാൻ ഇഷ്‌ടപ്പെടുന്ന ഇവ മുട്ടകൾ സൂക്ഷിക്കുന്നത് മണ്ണിനടിയിലാണ്. ഇണ ചേരാതെതന്നെ പ്രത്യുൽപാദന ശേഷിയുള്ള ഒച്ചുകള്‍ ഒരുതവണ 800ൽ അധികം മുട്ടയിടും. മൂന്നു വർഷംവരെ ഭക്ഷണം കഴിക്കാതെ മണ്ണിനടിയിൽ ജീവിക്കാൻ ആഫ്രിക്കൻ ഒച്ചിന് സാധിക്കുമെന്നതും പ്രശ്‌നത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വർധിച്ചതോടെ ജനങ്ങളും കർഷകരും ആശങ്കയിലാണ്. കപ്പ, ചേന, ചേമ്പ്, ഇഞ്ചി കൃഷികളെ ബാധിക്കുന്ന തരത്തിലേക്ക് ഇവയുടെ വ്യാപനം വളർന്നതായാണ് ആരോഗ്യ-കൃഷി വകുപ്പുകളുടെ റിപ്പോർട്ട്.
അഞ്ചാംപനിക്ക് കാരണമാകുന്ന നാടവിരകൾ ഇവയിൽ ഉണ്ടെന്ന് നേരത്തെ വിദഗ്‌ധർ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഇതുവരെ ഒമ്പത് പേർക്ക് ഒച്ചുകൾ മൂലമുള്ള അഞ്ചാം പനി ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇത് പ്രദേശവാസികളെ കൂടുതൽ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.