ന്യൂഡൽഹി:രാജ്യത്ത് കുതിച്ചുയരുന്ന തക്കാളി വിലയ്‌ക്ക് പരിഹാരം കാണാൻ മാർഗങ്ങൾ തേടുകയാണ് കേന്ദ്ര സർക്കാർ. സാധാരണക്കാരന്‍റെ അടുക്കളയില്‍ നിന്ന് തക്കാളി വിടപറഞ്ഞിട്ട് നാളുകളായി കാണും. ഇപ്പോഴിതാ നേപ്പാളില്‍ നിന്നും തക്കാളി കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്രം. പണപ്പെരുപ്പം നിയന്ത്രിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അതിന്‍റെ ഭാഗമായാണ് നേപ്പാളിൽ നിന്ന് തക്കാളി ഇറക്കുമതി ചെയ്യുന്നതെന്നും ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കവെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
രാജ്യത്ത് പണപ്പെരുപ്പം പിടിച്ചുനിർത്താൻ ഇതിനോടകം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാൻ മന്ത്രിമാരുടെ സംഘം സമയോചിതമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ലോക്‌സഭയിൽ നിർമല സീതാരാമൻ വ്യക്തമാക്കി.
'ഇറക്കുമതി നിയന്ത്രണങ്ങൾ നീക്കി, നേപ്പാളിൽ നിന്ന് തക്കാളി എത്തിക്കാൻ അനുവദിച്ചിട്ടുണ്ട്. ആദ്യ ലോഡ് ഈ ആഴ്‌ച വാരാണസി, കാൺപൂർ, ലഖ്‌നൗ എന്നിവിടങ്ങളിൽ എത്തും'- മന്ത്രി പറഞ്ഞു. ഈ വാരാന്ത്യത്തിൽ തന്നെ കിലോയ്‌ക്ക് 70 രൂപ സബ്‌സിഡി നിരക്കിൽ ഡൽഹി എൻസിആർ മേഖലയിൽ തക്കാളിയുടെ മെഗാ വിൽപ്പനയും എൻസിസിഎഫ് ആസൂത്രണം ചെയ്യുന്നുണ്ടെന്നും അത്തരം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കൂടാതെ മൊസാംബിക്കിൽ നിന്ന് തുവരപ്പരിപ്പ് ഇറക്കുമതി ചെയ്യുമെന്നും മ്യാൻമറിൽ നിന്ന് ഉഴുന്ന് ഇറക്കുമതി ചെയ്യുമെന്നും അറിയിച്ച മന്ത്രി ബഫർ സ്റ്റോക്ക് സൃഷ്‌ടിക്കാൻ മൂന്ന് ലക്ഷം ടൺ ഉള്ളി സംഭരിച്ചിട്ടുണ്ടെന്നും പറഞ്ഞു. മഹാരാഷ്‌ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് തക്കാളി സംഭരിക്കുന്നത്. ഡൽഹി-എൻസിആർ, ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നാഷണൽ അഗ്രികൾച്ചറൽ കോ- ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (നാഫെഡ്) മറ്റ് സഹകരണ സംഘങ്ങൾ മുഖേനയും തക്കാളി വിതരണം ചെയ്യും.