ന്യൂയോര്‍ക്ക്:പ്രമുഖ ഇലക്‌ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ല നേരിടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് കമ്പനി സിഇഒ ഇലോണ്‍ മസ്‌ക്. ടെസ്‌ലയ്‌ക്ക് വേണ്ടി പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യേണ്ടി വരുമോ എന്ന ആശങ്കയാണ് തനിക്കുള്ളതെന്ന് മസ്‌ക് പറഞ്ഞു. ടെസ്‌ല വാഹന ഉടമകളുടെ കൂട്ടായ്‌മയുമായി(Tesla owners group) സംസാരിക്കവെയാണ് കമ്പനി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് അദ്ദേഹം മനസ് തുറന്നത്.
"വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ ടെസ്‌ലയെ വലിയ രീതിയില്‍ ബാധിക്കുകയാണ്. ഈ പ്രശ്‌നങ്ങളില്‍ നിന്ന് കമ്പനി പൂര്‍ണമായി മുക്തമായിട്ടില്ല. ഞങ്ങളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക തടസങ്ങളില്ലാതെ ഫാക്‌ടറികള്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നാണ്. എങ്കില്‍ മാത്രമെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്യേണ്ടിവരും", ഇലോണ്‍ മസ്‌ക് വ്യക്തമാക്കി.
ഈയിടെ പ്രവര്‍ത്തനമാരംഭിച്ച ജര്‍മനിയിലെ ബര്‍ലിനിലെയും, അമേരിക്കയിലെ ടെക്‌സാസിലെയും ഫാക്‌ടറികള്‍ ടെസ്‌ലയ്‌ക്ക് ശതകോടി ഡോളറുകള്‍ നഷ്‌ടം ഉണ്ടാക്കുകയാണെന്ന് മസ്‌ക് പറഞ്ഞു. ആവശ്യമായ അസംസ്‌കൃത വസ്‌തുക്കള്‍ വേണ്ട സമയത്ത് കിട്ടാത്തത് കാരണം ചെലവിന് അനുസൃതമായുള്ള ഉത്‌പാദനം നടക്കുന്നില്ല. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ വേഗത്തില്‍ തന്നെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.