കോയമ്പത്തൂര്‍ :ദക്ഷിണേഷ്യയിലെ പ്രധാനപ്പെട്ട നിക്ഷേപ മേഖലയായി തമിഴ്‌നാടിനെ മാറ്റുകയാണ് സംസ്ഥാന സര്‍ക്കാറിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഈ ലക്ഷ്യം നിറവേറുന്നതിന് കോയമ്പത്തൂരിന് വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂര്‍, ഈറോഡ്,തിരുപ്പൂര്‍ ജില്ലകളിലെ വ്യവസായികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്‍റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന നിക്ഷേപക സംഗമങ്ങളില്‍ 131 കരാറുകള്‍ വ്യവസായികളുമായി ഒപ്പിട്ടിട്ടുണ്ട്. ഇവ മൊത്തം 69,000കോടി രൂപ വരുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഒരു ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി തമിഴ്‌നാടിനെ മാറ്റുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് കോയമ്പത്തൂര്‍ അടക്കമുള്ള പടിഞ്ഞാറന്‍ ജില്ലകള്‍ക്ക് വലിയ പങ്കാണ് വഹിക്കാന്‍ ഉള്ളത്. തമിഴ്‌നാടിലെ പടിഞ്ഞാറാന്‍ ജില്ലകളിലെ വ്യവസായങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക പരിഗണന നല്‍കും.