ഇടുക്കി:ഒന്നിന് പകരം വിവിധ വിളകള്‍ കൃഷിയിറക്കി കൃഷിയിടത്തെ കാര്‍ഷിക സര്‍വകലാശാലയാക്കിരിക്കുകയാണ് രാജാക്കാട് സ്വദേശിയായ കൃഷ്‌ണന്‍ കണ്ടമംഗലത്ത്. ഒരിനം മാത്രം കൃഷി ചെയ്‌ത് വരുമാനം നേടുകയെന്നത് ഇന്നത്തെ കാലത്ത് പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കൃഷ്‌ണന്‍ വേറിട്ടൊരു കൃഷി രീതി തെരഞ്ഞെടുത്തത്. പാട്ടത്തിനെടുത്ത നാല് ഏക്കര്‍ സ്ഥലത്താണ് വിശാലമായി കൃഷിയിടം ഒരുക്കിയിട്ടുള്ളത്.
വിലയിടിവില്‍ നടുവൊടിയില്ല; 64കാരന്‍റെ 64 ഇടവിളകള്‍; പുതുതലമുറയ്ക്ക് മാതൃകയാക്കാം... - kerala news updates
ഇടവിള കൃഷിയിലെ വിജയഗാഥ. രാജാക്കാട് സ്വദേശി കൃഷ്‌ണന്‍റെ കൃഷിയിടം കാണാന്‍ സന്ദര്‍ശകര്‍.
കപ്പയും വാഴയും പാവലുമാണ് പ്രധാന കൃഷി. ഇതിനിടയില്‍ 64 കാരനായ കൃഷ്‌ണൻ 64 ഇനം വ്യത്യസ്‌ത പച്ചക്കറികളാണ് ഇടവിളയായി കൃഷി ചെയ്യുന്നത്. കൃഷി പരിപാലനത്തിനും ചിലവിനുമുള്ള പണം ഇടവിളയില്‍ നിന്നും ലഭിക്കുമെന്നതാണ് ഇത്തരത്തിലുള്ള കൃഷിയുടെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല ഏതെങ്കിലും വിളയ്‌ക്ക് വിലയിടിവുണ്ടായാല്‍ അത് കൃഷിയെ കാര്യമായി ബാധിക്കുകയുമില്ല.
ജമന്തിയും ചുവന്ന ചീരയും ഉള്ളിപ്പൂക്കളും വിടര്‍ന്ന് നില്‍ക്കുന്ന മനോഹരമായ കൃഷിയിടം കാണാന്‍ കാര്‍ഷിക വിദ്യാര്‍ഥികളും സഞ്ചാരികളും അടക്കം നിരവധി പേരാണ് എത്തുന്നത്. കൃഷിയിടം സന്ദര്‍ശിക്കാനെത്തുന്നവർ കൃഷ്‌ണനും ഭാര്യ രാധക്കുമൊപ്പം വിളവെടുപ്പിലും പങ്ക് ചേരാറുണ്ട്. വിലയിടിവ് നടുവൊടിക്കുന്ന കാര്‍ഷിക മേഖലയ്‌ക്ക് ഏറെ മാതൃകയാണ് കൃഷ്‌ണന്‍റെ കൃഷിയിടമെന്ന് കാര്‍ഷിക വിദ്യാര്‍ഥിയും ഗവേഷകയുമായ അഞ്ചു തോമസ് പറഞ്ഞു.