എറണാകുളം: കേരളത്തിൽ നിക്ഷേപത്തിന് താല്‍പര്യമുള്ള ഇന്ത്യയിലെ ദക്ഷിണ കൊറിയൻ കമ്പനി മേധാവികളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇന്ത്യ, കൊറിയ സാമ്പത്തിക സഹകരണത്തിന്‍റെ ഭാഗമായി കേരളത്തിൽ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് കൊച്ചിയിൽ നടന്ന വാണിജ്യ കൂടിക്കാഴ്‌ച ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ നിക്ഷേപ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനും നിക്ഷേപത്തിന് ആവശ്യമായ സൗകര്യം ഒരുക്കുന്നതിനും ഇന്ത്യയിൽ പ്രവർത്തിക്കുന്ന കൊറിയൻ കമ്പനി മേധാവികളുടെ യോഗം രണ്ട് മാസത്തിനുള്ളിൽ വിളിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
മന്ത്രിയുടെ ഉറപ്പ്: കേരളത്തിലെ മേക്കേഴ്‌സ് വില്ലേജിൽ നിന്നുള്ള സ്റ്റാർട്ട് അപ്പുകളും കെൽട്രോണിന്‍റെ പ്രവർത്തനങ്ങളും കേരളത്തിന്‍റെ തനത് വൈദഗ്ധ്യത്തിന്‍റെ പ്രതീകങ്ങളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ പുതിയ വ്യവസായ, വാണിജ്യ നയത്തിൽ ജിഎസ്‌ടി റീ ഇമ്പേഴ്സ്മെന്‍റ്, നികുതി ഇളവ് തുടങ്ങിയ ആനുകൂല്യങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. നിർമിത ബുദ്ധി, ആയുർവേദം, ബയോ ടെക്‌നോളജി, ഡിസൈൻ, ഭക്ഷ്യ സംസ്‌കരണം, വൈദ്യുത വാഹനങ്ങൾ, ലോജിസ്റ്റിക്‌സ്, നാനോ ടെക്‌നോളജി, ടൂറിസം, ത്രീഡി പ്രിന്‍റിങ് തുടങ്ങിയ മേഖലകളിൽ മുതൽ മുടക്കാൻ ദക്ഷിണ കൊറിയ തയ്യാറാണെങ്കിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകി.