ന്യൂഡല്‍ഹി:നിക്ഷേപകരോട് മാര്‍ച്ച് 31നുള്ളില്‍ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മൂലധന വിപണി നിയന്ത്രിക്കുന്ന ബോര്‍ഡായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).
സുഗമമായ ഇടപാടുകള്‍ക്കും പണത്തിന് വിപണിയിലെ സുരക്ഷിതത്വത്തിനുമായി പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് നിക്ഷേപരോടുള്ള സെബിയുടെ നിര്‍ദേശം. അല്ലാത്തപക്ഷം ഇത് നോണ്‍ കെവൈസി കംപ്ലെയ്‌ന്‍റ് (ഉപഭോക്താവിനെ അറിയുക) ആയി പരിഗണിക്കുമെന്നും പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് വരെ സെക്യൂരിറ്റികള്‍ക്കും മറ്റ് ഇടപാടുകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും സെബി അറിയിച്ചു.
പ്രവര്‍ത്തനരഹിതമാകേണ്ടെങ്കില്‍ ലിങ്ക് ചെയ്യണം:2023 മാര്‍ച്ച് 31നകം ഒരു വ്യക്തി തന്‍റെ പാന്‍ കാര്‍ഡ് (പെര്‍മനന്‍റ് അക്കൗണ്ട് നമ്പര്‍) ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌റ്റ് ടാക്‌സസ് (സിബിഡിടി) 2022 മാര്‍ച്ചില്‍ ഇറക്കിയ സര്‍ക്കുലറില്‍ അറിയിച്ചിരുന്നു. മാത്രമല്ല ഇതുവഴി 1961ലെ ഇന്‍കം ടാക്‌സ് ആക്‌ടിന് കീഴില്‍ പാന്‍ കാര്‍ഡ് പുതുക്കുകയോ, അതിനോട് പ്രതികരിക്കുകയോ ചെയ്യാത്തതിന് വരുന്ന എല്ലാ അനന്തരഫലങ്ങള്‍ക്കും ബാധ്യസ്ഥനാകുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
നടപടി സിബിഡിടി സര്‍ക്കുലറിന് പിന്നാലെ: വിപണിയിലെ എല്ലാ ഇടപാടുകള്‍ക്കും പ്രധാന തിരിച്ചറിയല്‍ നമ്പറായും കെവൈസി ആവശ്യങ്ങള്‍ക്കുള്ള മാര്‍ഗമായും പരിഗണിക്കുന്നത് പാന്‍ (പെര്‍മനന്‍റ് അക്കൗണ്ട് നമ്പര്‍) ആണെന്നതിനാല്‍ സെബിയില്‍ രജിസ്‌റ്റർ ചെയ്ത എല്ലാ സ്ഥാപനങ്ങളിലും മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങളിലും (എംഎംഐകള്‍) ഉപഭോക്താക്കള്‍ക്ക് കെവൈസി ഉറപ്പാക്കാന്‍ ഇത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ നിലവിലെ എല്ലാ നിക്ഷേപകരും 2023 മാര്‍ച്ച് 31ന് മുമ്പായി അവരുടെ പാന്‍ കാര്‍ഡുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന സിബിഡിടി സര്‍ക്കുലര്‍ പാലിക്കണമെന്നാണ് സെബിയുടെ നിര്‍ദേശം.
പരിഷ്‌കരണം മുമ്പ് ആധാറിനും: അതേസമയം ഇക്കഴിഞ്ഞ ഡിസംബറില്‍ പത്ത് വര്‍ഷം പിന്നിട്ട കാര്‍ഡുകള്‍ പരിഷ്‌കരിക്കാനും കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍റ് ഐടി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇഷ്യൂ ചെയ്‌തത് മുതല്‍ ഇന്നേവരെ അപ്‌ഡേഷനുകള്‍ക്ക് വിധേയമാകാത്ത പത്ത് വര്‍ഷം പിന്നിട്ട ആധാര്‍ കാര്‍ഡുകള്‍ പുതുക്കുന്നത് ഡാറ്റാബേസിലെ വിവരങ്ങളിലുള്ള കൃത്യത ഉറപ്പാക്കാനാണെന്നായിരുന്നു ഇതിനോട് യുണിക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) വിശദീകരണം. ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ ഉപഭോക്താക്കളുടെ അംഗീകൃത രേഖയായി ആധാറാണ് പരിഗണിച്ചുവരുന്നത് എന്നതിനാല്‍ ആധാര്‍ കാര്‍ഡിന്‍റെ സ്വീകാര്യത ഉറപ്പുവരുത്താനും കൂടുതല്‍ കൃത്യതയ്‌ക്കുമായാണ് പരിഷ്‌കരിക്കാന്‍ നിര്‍ദേശിച്ചതെന്നും കേന്ദ്ര മന്ത്രാലയവും ഇതില്‍ വ്യക്തത വരുത്തി. നിലവില്‍ കേന്ദ്ര സര്‍ക്കാറിന് കീഴിലെ 319 പദ്ധതികള്‍ ഉള്‍പ്പടെ 1,100ലധികം സര്‍ക്കാര്‍ പദ്ധതികളും സേവനങ്ങളും ആധാര്‍ എന്ന തിരിച്ചറിയല്‍ രേഖ അടിസ്ഥാനമാക്കിയാണ് നടക്കുന്നതെന്നും കേന്ദ്രം അറിയിച്ചിരുന്നു.
ആധാര്‍ സിമ്പിളാണ്, പക്ഷെ പവര്‍ഫുള്ളാണ്: മൈ ആധാര്‍ പോര്‍ട്ടല്‍ മുഖേനയോ അല്ലെങ്കില്‍ സമീപത്തുള്ള ആധാര്‍ സേവ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ ഉപഭോക്താക്താക്കള്‍ക്ക് ആധാര്‍ അപ്‌ഡേറ്റ് ചെയ്യാവുമെന്നും കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍റ് ഐടി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന് മറ്റു തടസങ്ങള്‍ നേരിടേണ്ടിവരില്ലെന്നും ഐഡി പ്രൂഫും വിലാസം തെളിയിക്കുന്ന രേഖയും സഹായരേഖയായി കരുതിയാല്‍ മതിയെന്നും സര്‍ക്കുലറില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിര്‍ബന്ധിതമായും പൂര്‍ത്തിയാക്കേണ്ടതാണെന്ന് പറയുന്നില്ലെന്നും നിലവിലെ തിരിച്ചറിയല്‍ രേഖയും വിലാസത്തിന്‍റെ തെളിവും ഉപയോഗിച്ച് ആധാറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നത് പൗരന്‍റെ താല്‍പര്യമാണെന്നും മന്ത്രാലയം പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.