വിരമിച്ചതിന് ശേഷം വലിയ ചെലവുകൾ ഉണ്ടാകില്ലെന്നാണ് പൊതുവെയുള്ള ധാരണ. ഭൂരിഭാഗം പേരും ഇത്തരത്തിൽ ചിന്തിക്കുന്നവരാണ്. ജോലിയോ ബിസിനസോ ഉണ്ടായിരിക്കുന്ന കാലത്ത് അപ്പോഴത്തെ വരുമാനത്തെ കുറിച്ചും പ്രതിമാസ ചെലവുകളെ കുറിച്ചുമാകും പലരും ചിന്തിക്കുക. എന്നാൽ തങ്ങളുടെ മാസവരുമാനം പെട്ടെന്ന് നിലയ്‌ക്കുമ്പോൾ എന്തൊക്കെ പ്രശ്‌നങ്ങളാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് മുൻകൂട്ടി കണക്കുകൂട്ടുന്ന ചിലരുണ്ട്. ഇത്തരത്തിലുള്ളവർക്ക് മാത്രമേ കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷകരമായ റിട്ടയർമെന്‍റ് ജീവിതം ആസ്വദിക്കാൻ പറ്റൂ.
60-ാമത്തെ വയസിൽ വിരമിക്കുമ്പോഴേക്കും നല്ല സമ്പാദ്യമുണ്ടാക്കാൻ എല്ലാവരും 35ലേറെ വർഷമാണ് രാവും പകലും കഠിനാധ്വാനം ചെയ്യുന്നത്. വൈദ്യശാസ്‌ത്ര രംഗത്തുണ്ടായ പുരോഗതിയോടെ ഒരു വ്യക്തിയുടെ ശരാശരി ആയുസ് 90 വയസായി ഉയർന്നു. അതിനാൽ വിരമിച്ചതിന് ശേഷം 30 വർഷങ്ങളാണ് ശമ്പളമില്ലാതെ കഴിയേണ്ടി വരുന്നത്. എന്നാൽ ജീവിതചെലവുകൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്.
വിരമിച്ചവർ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന പ്രശ്‌നമാണ് വിലക്കയറ്റം. 40 വയസുള്ള ഒരാൾക്ക് ഇപ്പോൾ പ്രതിമാസം ഒരു ലക്ഷം രൂപ ചെലവ് വരുന്നുണ്ടെങ്കിൽ 60 വയസ് ആകുമ്പോഴേക്കും അത് 2.65 ലക്ഷം രൂപയായി ഉയരും. 80 വയസിൽ ചെലവ് 7 ലക്ഷം രൂപയായും 90 വയസിൽ 11.5 ലക്ഷം രൂപയായും ഉയരും. ഈ രീതിയിൽ 50 വർഷത്തിനുള്ളിൽ ചെലവ് 11 മടങ്ങ് ഉയരാൻ സാധ്യതയുണ്ട്. അവിശ്വസനീയമായി തോന്നിയേക്കാമെങ്കിലും ചെലവിൽ കണക്കാക്കിയ വർധനയാണിത്. ഇത് വാർഷിക പണപ്പെരുപ്പമായ 5 ശതമാനത്തേക്കാൾ കൂടുതലാണ്.