മുംബൈ(മഹാരാഷ്ട്ര): റെഗുലേറ്ററി നിയമത്തിലെ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിഴയിട്ട് ആര്‍ ബി ഐ. 36 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഏപ്രില്‍ 18നാണ് തുക ഈടാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ആര്‍ ബി ഐ യുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‌ച വന്നതിനാലാണ് ബാങ്കിന് പിഴ ഈടാക്കിയതെന്നും ഏതെങ്കിലും പ്രത്യേക ഇടപാടുകാരുമായി ബന്ധപ്പെട്ടല്ല നടപടിയെന്നും ആര്‍ ബി ഐ വ്യക്തമാക്കി. ബാങ്കിലെ ഒരു അക്കൗണ്ടില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ആര്‍ ബി ഐയ്ക്ക് കൈമാറുന്നതില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കാലതാമസം വരുത്തിയതിനാണ് ആര്‍ ബി ഐയുടെ പിഴ.