പ്രീമിയം മൊബൈല്‍ ഫോണ്‍, സ്‌മാര്‍ട്ട് ടിവി, വീട്ടുപകരണങ്ങള്‍ തുടങ്ങി നിരവധി പുത്തന്‍ സാധനങ്ങളാണ് ഇന്ന് ഓരോ ദിവസവും വിപണിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം വിലപിടിപ്പുള്ള പ്രീമിയം ഗാഡ്‌ജെറ്റുകള്‍ മുഴുവന്‍ പണവും നല്‍കി സ്വന്തമാക്കാന്‍ പലരുടെ കൈയിലും രൊക്കം തുകയും ഉണ്ടാകാറില്ല. ഇത്തരക്കാര്‍ക്ക് തങ്ങളുടെ ആഗ്രഹം നിറവേറ്റുന്നതിന് വേണ്ടി സ്വീകരിക്കാന്‍ കഴിയുന്ന ഒരു മാര്‍ഗമാണ് ചെലവ് രഹിത ഇഎംഐ (നോ കോസ്റ്റ് ഇഎംഐ)
പണം തികയാത്ത ആഗ്രഹങ്ങളെ ഇതുവഴി സ്വന്തമാക്കാന്‍ സാധിക്കും. ഇതിന് കീഴില്‍ കൂടുതല്‍ ആനുകൂല്യങ്ങളൊന്നും ഉപഭോക്താക്കള്‍ പ്രതീക്ഷിക്കരുത്. തവണകളായി പണം അടയ്‌ക്കാന്‍ സാധിക്കുന്നത് കൊണ്ട് തന്നെ ആണ് ഡിസ്‌കൗണ്ട് കിഴിവുകള്‍ ലഭിക്കില്ലെങ്കിലും പലരും ഇത് തെരഞ്ഞെടുക്കുന്നത്.
നോ കോസ്റ്റ് ഇഎംഐ സൗകര്യം എപ്പോള്‍ ഉപയോഗിക്കാം:അതിവേഗം പുരോഗമിക്കുന്ന ഇക്കാലത്ത് ഡിജിറ്റലൈസ്‌ഡ് ജീവിതത്തിലേക്ക് എത്താനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി ഹൈ ടെക് ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് പലരും വിലപിടിപ്പുള്ള പുത്തന്‍ സാധനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്.
സാധാരണയായി എല്ലായ്‌പ്പോഴും ചെലവ് രഹിത ഇഎംഐകള്‍ ഉപയോഗിച്ച് നമുക്ക് പര്‍ച്ചേസ് ചെയ്യാന്‍ സാധിച്ചെന്ന് വരില്ല. പ്രധാനമായും ഉത്സവ സീസണുകളിലും ചില പ്രത്യേക അവസരങ്ങളിലുമാണ് നോ കോസ്റ്റ് ഇഎംഐ വില്‍പ്പന നടക്കാറുള്ളത്. ഓണ്‍ലൈനിലായിരിക്കും കൂടുതലും വില്‍പന.
ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍:ചിലത് നേടാന്‍ വേണ്ടി നമ്മള്‍ ചില കാര്യങ്ങള്‍ നഷ്‌ടപ്പെടുത്തേണ്ടതുണ്ട്. അതുപോലെ തന്നെയാണ് സീറോ കോസ്റ്റ് ഇഎംഐ ഇടപാടും. രൊക്കം തുക നല്‍കി വാങ്ങുന്ന സാധനങ്ങള്‍ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ ഇത്തരം ഇടപാടുകളിലൂടെ ലഭിക്കില്ല.
ഉദാഹരണത്തിന് ഒരു ഉത്‌പന്നത്തിന്‍റെ ഓണ്‍ലൈന്‍ വില 5,000 ആണെന്ന് കരുതുക. 10 ശതമാനം കിഴിവിന് ശേഷം മുഴുവന്‍ തുകയും നല്‍കി വാങ്ങുന്ന വ്യക്തിക്ക് ആ സാധനം 4,500 രൂപയ്‌ക്ക് ലഭിച്ചേക്കും. ഇഎംഐ ഉപയോഗിച്ചാണ് വാങ്ങാന്‍ ഉദ്ദേശമെങ്കില്‍ ഉത്പന്നത്തിന്‍റെ മുഴുവന്‍ തുകയ്‌ക്കും (അതായത് 5000) ഇഎംഐ അടയ്‌ക്കേണ്ടി വരും.
അതായത് ഇഎംഐയില്‍ ബാധകമായ പലിശ കൂടി പ്രൊഡക്‌ടിന്‍റെ വിലയില്‍ ചേര്‍ക്കും. അതിനാല്‍ തന്നെ 500 രൂപ വീതമുള്ള 12 ഇഎംഐ തുകകളായി മൊത്തം 6,000 രൂപയാണ് നമ്മള്‍ അടയ്‌ക്കേണ്ടി വരുന്നത്. 12 മാസ കാലയളവില്‍ 20 ശതമാനം നിരക്കില്‍ 1000 രൂപ അധികമായി നല്‍കണം.
നോ കോസ്റ്റ് ഇഎംഐ എന്ന് ഇതിന് പേര് പറയാറുണ്ടെങ്കിലും മുൻകൂർ പ്രോസസിങ് ഫീസ് ഈടാക്കി മുഴുവൻ പലിശയും ഇവിടെയും വീണ്ടെടുക്കാറുണ്ട് എന്നതാണ് യാഥാർഥ്യം. സാധാരണ ഇഎംഐ ഇടപാടുകളില്‍ പലിശനിരക്ക് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ സീറോ കോസ്‌റ്റ് ഇഎംഐകളില്‍ കമ്പനികള്‍ പലിശ പ്രത്യേകം പരാമര്‍ശിക്കുന്നില്ല.
ഗുണങ്ങളും ദോഷങ്ങളും:മുഴുവന്‍ തുകയും കൈവശമില്ലാത്തപ്പോള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഏറ്റവും ഉപകാരപ്രദമായ മാര്‍ഗമാണിത്. കൂടാതെ നിര്‍ദിഷ്‌ട ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇത്തരം ഇടപാടുകള്‍ നടത്തിയാല്‍ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളും വ്യാപാരികളും പ്രത്യേക കിഴിവുകളും നല്‍കും. ഇതില്‍ പരമാവധി പ്രയോജനം കണ്ടെത്താന്‍ കൂടുതല്‍ അറിവ് നേടേണ്ടത് ആവശ്യമാണ്.
തവണകളായി പണം അടച്ചുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സീറോ കോസ്റ്റ് ഇഎംഐകള്‍ക്കും ബാധകമാണ്. തിരിച്ചടവില്‍ സംഭവിക്കുന്ന ഓരോ പിഴയും ക്രെഡിറ്റ് സ്‌കോറില്‍ മോശമായി പ്രതിഫലിക്കും. ഒന്നില്‍ കൂടുതല്‍ തവണകള്‍ മുടങ്ങുമ്പോള്‍ തന്നെ നിങ്ങളുടെ തിരിച്ചടവ് ശേഷി പരിശോധിക്കേണ്ടതുണ്ട്.
ചെലവ് രഹിത ഇഎംഐ ഓഫറുകള്‍ക്ക് കീഴില്‍ മുന്‍കൂര്‍ പണം അയ്‌ക്കുന്നതും, വൈകിയടച്ചാലുണ്ടാകുന്ന പിഴകളെ കുറിച്ചും സൂക്ഷ്‌മമായി തന്നെ പരിശോധിക്കണം. എല്ലാ കാര്യങ്ങളും അനുയോജ്യമായാല്‍ മാത്രം ഇത്തരം ഇടപാടുകള്‍ക്കായി പോകുക.