ബെംഗളൂരു : ജോലിക്കിടയിൽ ഉറക്കം വരുന്നതും അല്‍പ്പം ഒന്നുമയങ്ങാനായെങ്കിലോയെന്ന് തോന്നുന്നതും സ്വാഭാവികമാണ്. ഉച്ചയൂണ് കഴിഞ്ഞ നേരത്താണെങ്കിൽ ഉറങ്ങാനുള്ള പ്രവണത കൂടുതലായിരിക്കും. എന്നാൽ ആ തോന്നല്‍ ചായയോ കാപ്പിയോ കുടിച്ച് നിയന്ത്രിക്കുകയാണ് പലരും ചെയ്യാറ്.
എന്നാൽ ജീവനക്കാർക്ക് ഉച്ചയൂണിന് ശേഷം അരമണിക്കൂർ ഉറങ്ങാൻ സമയം അനുവദിച്ചിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു സ്റ്റാർട്ട്-അപ്പ് കമ്പനി. വേക്ക്ഫിറ്റ് സൊല്യൂഷൻ എന്ന സ്ഥാപനമാണ് ജീവനക്കാരുടെ ക്ഷേമം കണക്കിലെടുത്ത് ഔദ്യോഗിക ഉറക്കസമയം പ്രഖ്യാപിച്ചത്. ഇത് വ്യക്തമാക്കിക്കൊണ്ട് കമ്പനിയുടെ സഹസ്ഥാപകൻ ചൈതന്യ രാമലിംഗഗൗഡ ജീവനക്കാർക്ക് മെയിൽ അയക്കുകയും ചെയ്‌തു.
ഉച്ചയ്ക്ക് 2 മുതൽ 2.30 വരെ എല്ലാ ജീവനക്കാർക്കും ഉറങ്ങാമെന്ന് അദ്ദേഹം പ്രഖ്യാപനം നടത്തി. ഓൺലൈൻ ഡയറക്‌ട് -ടു-കൺസ്യൂമർ ഹോം, സ്ലീപ്പ് സൊല്യൂഷൻസ് ബ്രാൻഡ് ആയതിനാൽ കമ്പനിയുടെ പോളിസിയുമായി തികച്ചും യോജിക്കുന്നതാണ് പുതിയ പ്രഖ്യാപനം.