ഛണ്ഡിഗഡ് : പഞ്ചാബില്‍ 60 രൂപയ്‌ക്ക് താഴെയും 220 രൂപയ്‌ക്ക് മുകളിലും ബിയര്‍ വില്‍ക്കരുതെന്ന് എക്‌സൈസ് നയം. എക്സൈസ് വകുപ്പാണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. ബിയറിന്‍റെ അളവ് അടിസ്ഥാനമാക്കിയായിരിക്കും ക്യാനുകളുടെയും ബോട്ടിലുകളുടെയും ഏറ്റവും കുറഞ്ഞതും കൂടിയതുമായ ചില്ലറ വിൽപ്പന വില. 2023-24ലെ എക്‌സൈസ് നയത്തിൽ വകുപ്പ്-28 ചേർത്തതായും ബിയറിന് കുറഞ്ഞ വില്‍പ്പന വില നിശ്ചയിച്ചിട്ടുണ്ടെന്നും സംസ്ഥാന ധനമന്ത്രി പറഞ്ഞു.
'പരമാവധി ചില്ലറ വില്‍പ്പന വില നിശ്ചയിക്കാൻ സർക്കാരിന് അവകാശമുണ്ട്. എക്സൈസ് പോളിസിയുടെ ഷെഡ്യൂൾ-3 പ്രകാരമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇത് മദ്യവ്യാപാരത്തെയും ബാധിക്കും. പഞ്ചാബ് സർക്കാരിന്‍റെ പുതിയ എക്സൈസ് നയത്തിൽ സെക്ഷൻ 28 ചേർത്തിട്ടുണ്ട്. ഇതിലൂടെ L-2/L-14A റീട്ടെയിൽ കരാറുകാര്‍ക്കും സർക്കാരിനും ബിയറിന്‍റെ വില ന്യായമായ പരിധിക്കുള്ളിൽ നിലനിർത്തുന്നതിനും ബിയറിന്‍റെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ റീട്ടെയിൽ വില നിശ്ചയിക്കുന്നതിനും അവകാശമുണ്ട്' - മന്ത്രി വ്യക്തമാക്കി.
ബിയർ കള്ളക്കടത്ത് തടയാൻ ഇത്തരമൊരു നടപടി സഹായിക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എക്‌സൈസ് വകുപ്പിന്‍റെ യോഗത്തിന് ശേഷമാണ് പഞ്ചാബ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. 2023-24 വർഷത്തിൽ 1,004 കോടി രൂപ വർധിപ്പിച്ച് 9,754 കോടി രൂപ വരുമാനം നേടുകയാണ് പഞ്ചാബ് സർക്കാര്‍ ഈ മദ്യനയത്തിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. നയം അനുസരിച്ച് ബിയർ ബാറുകൾ, ഹാർഡ് ബാറുകൾ, ക്ലബ്ബുകള്‍, മൈക്രോ ബ്രൂവറികൾ എന്നിവ വിൽക്കുന്ന മദ്യത്തിന് ഈടാക്കുന്ന മൂല്യവർധിത നികുതി 10 ശതമാനത്തിൽ നിന്ന് 13 ശതമാനമായി ഉയർത്തി.
മദ്യവ്യാപാരത്തെ ബാധിക്കുന്നത് എങ്ങനെ ? : പരമാവധി വരുമാനം നേടുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. ഇതുവരെ എക്സൈസ് വരുമാനത്തില്‍ 18 മുതൽ 22 ശതമാനം വരെ വർധനയുണ്ടായി. സർക്കാരിന്‍റെ ഈ തീരുമാനം നഷ്‌ടക്കച്ചവടമാണെന്നും ഇത് സർക്കാരിന്‍റെ വരുമാനവും കരാറുകാരന് ലഭിക്കുന്നതും തമ്മിലുള്ള അന്തരം കൂടുതലാക്കുമെന്നും മദ്യവ്യാപാരികൾ പറയുന്നു.