കോട്ടയം:ഇടത്സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വൈദ്യുതി ഉത്‌പാദനത്തിൽ 363.5 മെഗാവാട്ടിന്‍റെ വർധയുണ്ടായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്‌ണൻകുട്ടി. ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ജില്ലയിൽ നിർമിച്ച മൂന്ന് ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുടെയും, 51 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളുടെയും ജില്ലാതല ഉദ്‌ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് ഏറ്റവും കൂടുതൽ വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. എല്ലാ നിയോജക മണ്ഡലങ്ങളിലും ചാർജിങ് സ്റ്റേഷനുകൾ വരുന്നതോടെ വൈദ്യുതി വാഹനങ്ങളുടെ ഉപയോഗത്തിൽ വർധനവുണ്ടാകുമെന്നും, പരിസ്ഥിതി മലിനീകരണം കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾക്കായി ഫണ്ട് അനുവദിച്ച ഗതാഗത വകുപ്പിന് മന്ത്രി നന്ദി അറിയിച്ചു.