കേരളം

kerala

By

Published : Dec 25, 2022, 9:58 PM IST

ETV Bharat / business

അടിയൊഴുക്കിലും ഉറച്ച്; ലോകം തകര്‍ന്നപ്പോഴും ആഭ്യന്തര നിക്ഷേപകര്‍ താങ്ങി നിര്‍ത്തിയ ഇന്ത്യന്‍ ഓഹരി വിപണി

കൊവിഡ് മഹാമാരിയും റഷ്യ യുക്രൈന്‍ യുദ്ധവുമുള്‍പ്പടെ ആഗോള തലത്തില്‍ സാമ്പത്തിക മേഖല തകര്‍ന്നടിഞ്ഞപ്പോള്‍ ആഭ്യന്തര നിക്ഷേപകരുടെ വിശ്വാസത്തിന് പുറത്ത് അടിയൊഴുക്കുകളെ പ്രതിരോധിച്ച് ഇന്ത്യന്‍ ഓഹരി വിപണി, ഇന്ത്യന്‍ സാമ്പത്തിക രംഗം 2022ലേക്ക് ഒരു തിരിഞ്ഞുനോട്ടം

India  Indian Economy  year of polycrisis  year ender analysis  Indian Stock exchange  Complete analysis of Indian Economy 2022  അടിയൊഴുക്കിലും ഉറച്ച്  ലോകം തകര്‍ന്നപ്പോഴും  ആഭ്യന്തര നിക്ഷേപകര്‍  നിക്ഷേപകര്‍  ഇന്ത്യന്‍ ഓഹരി വിപണി  ഓഹരി  വിപണി  കൊവിഡ്  റഷ്യ  യുക്രൈന്‍  സാമ്പത്തിക മേഖല  ആഗോള  സാമ്പത്തിക  2022  ന്യൂഡല്‍ഹി  ബാങ്കുകള്‍  വിശ്വാസം
ലോകം തകര്‍ന്നപ്പോഴും ആഭ്യന്തര നിക്ഷേപകര്‍ താങ്ങി നിര്‍ത്തിയ ഇന്ത്യന്‍ ഓഹരി വിപണി

ന്യൂഡല്‍ഹി:പണലഭ്യത വര്‍ധിപ്പിച്ച രണ്ട് വര്‍ഷത്തെ ബുള്‍ റണ്ണിന് (നിക്ഷേപകര്‍ വിപണിയില്‍ പ്രതീക്ഷ വച്ച സമയം) ശേഷം ഓഹരി വിപണിയുടെ കണക്കൂട്ടലുകള്‍ തെറ്റിയ വര്‍ഷമായിരുന്നു 2022. റഷ്യ യുക്രൈനിലേക്ക് യുദ്ധം തൊടുത്തതും യുഎസിന്‍റെ ഫെഡറല്‍ റിസര്‍വ് പണപ്പെരുപ്പത്തിനെതിരെ സര്‍വശക്തിയുമെടുത്ത് പോരാട്ടം തുടര്‍ന്നതും ആഗോള സാമ്പത്തിക വിപണിയിലെ ആകസ്‌മിക തകര്‍ച്ചയുമെല്ലാം ഇതിന് ആക്കംകൂട്ടി. കൊവിഡ് മഹാമാരിയില്‍ നിന്നുമുള്ള കരകയറ്റത്തിനും ഭൂരാഷ്‌ട്ര തന്ത്രപരമായ പ്രക്ഷോഭങ്ങള്‍ക്കും ഊര്‍ജ വിപണിയിലെ വിതരണത്തിലുണ്ടായ ഞെട്ടലും ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകള്‍ സമന്വയിപ്പിച്ച സാമ്പത്തിക നയങ്ങള്‍ക്കുമെല്ലാം പിന്നാലെയാണ് ഈ ഇടിവ് എന്നതിനാല്‍ ഒന്നിലധികം കാരണങ്ങള്‍ നയിച്ച പോളിക്രൈസസില്‍ തന്നെയാണ് 2022നെയും എഴുതിച്ചേര്‍ക്കപ്പെടുന്നത്.

വിശ്വാസം അതല്ലേ എല്ലാം:എന്നാല്‍ ആഭ്യന്തര നിക്ഷേപകരുടെ വിശ്വാസം ഇന്ത്യന്‍ ഓഹരി വിപണിയെ താങ്ങിനിര്‍ത്തി. ഭൂരിഭാഗവും ഇഴഞ്ഞുനീങ്ങാറുള്ള മുംബൈ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന് ഉത്സവ സീസണ്‍ പുതുജീവന്‍ നല്‍കി എന്നുപറയുന്നതാകും ശരി. അതുകൊണ്ടുതന്നെ ഡിസംബര്‍ ഒന്നിന് 63,284.19 സൂചികയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ് ദലാല്‍ സ്‌ട്രീറ്റ് വില്‍പന അവസാനിപ്പിച്ചത്.

പക്ഷെ ചൈനയിൽ കൊവിഡ് കേസുകൾ വര്‍ധിച്ചതോടെ ആഗോളതലത്തിലുണ്ടായ ഭയം 2022ലെ സാന്താ ക്ലോസ് റാലിയിലുള്ള (ക്രിസ്‌തുമസ് മുന്നില്‍ കണ്ടുള്ള വിപണിയിലെ ഉണര്‍വ്) പ്രതീക്ഷ തെറ്റിച്ചു. അതുകൊണ്ടുതന്നെ ഡിസംബര്‍ 25 വരെ സെന്‍സെക്‌സ് 1.12 ശതമാനം മാത്രമാണ് ഉയര്‍ന്നത്. എന്നാലിത് ലോകത്തിലെ ഏറ്റവും മികച്ച പ്രകടനത്തോടെയുള്ള വലിയ വിപണി സൂചികയാണ് എന്നുള്ളത് ശുഭസൂചനയാണ്.

കൂപ്പുകുത്തി വമ്പന്മാര്‍:അമേരിക്കയിലെ 30 പ്രമുഖ കമ്പനികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഓഹരി വിപണിയായ ഡൗ ജോൺസ് ഇതുവരെ 9.24 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 100 പ്രമുഖ കമ്പനികളെ ഉള്‍പ്പെടുത്തിയ ലണ്ടന്‍ ഓഹരി വിപണിയായ എഫ്ടിഎസ്‌ഇ 100, 04.43 ശതമാനം കുറവും ടോകിയോ ഓഹരി വിപണിയായ നിക്കി 10.47 ശതമാനം ഇടിവും ഹോങ് കോങിന്‍റെ വിപണിയായ ഹാങ് സെങ് 15.82 ശതമാനം നഷ്‌ടവുമാണ് ഇതുവരെ രേഖപ്പെടുത്തിയത്. ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് സൂചികയ്‌ക്കും 16.15 ശതമാനം ഇടിവോടെ അടിപറ്റി.

നിക്ഷേപകരെ ഇതിലേ:അതേസമയം ഇന്ത്യന്‍ ഓഹരി വിപണിയുടെ വീഴ്‌ചയെ തടഞ്ഞതില്‍ ആഭ്യന്തര റീട്ടെയ്‌ലര്‍മാരും നിക്ഷേപകരുമാണ് പ്രധാന പങ്ക് വഹിച്ചത്. പ്രതികൂല തലക്കെട്ടുകളെ വകവയ്‌ക്കാതെ വിപണിയില്‍ അവര്‍ നിലനിര്‍ത്തിയ വിശ്വാസമാണ് വിദേശ ഫണ്ടുകളുടെ റെക്കോർഡ് വിറ്റഴിക്കലിന് കാരണമായത്. മാത്രമല്ല 2008 ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയോടുണ്ടായിരുന്ന പരിഭ്രാന്തിയോട് താരതമ്യം ചെയ്യുമ്പോള്‍ നിക്ഷേപകര്‍ ധൈര്യം കാണിച്ചു എന്നുവേണം പറയാന്‍.

അന്ന് വിപണിയില്‍ ഭയം തോന്നി വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐകള്‍) പിന്‍വലിഞ്ഞതോടെ 50 ശതമാനം ഇടിവോടയാണ് ഓഹരി വിപണി വീണത്. സമാന രീതിയില്‍ ഇത്തവണ എഫ്ഐഐകള്‍ 1.21 ലക്ഷം കോടി രൂപ പിന്‍വലിച്ചുവെങ്കിലും ആഭ്യന്തര നിക്ഷേപകര്‍ അനുഭവസമ്പത്തുകൊണ്ട് ദീര്‍ഘവീക്ഷണത്തോടെ കരുക്കള്‍ നീക്കുകയും പ്രതികാരബുദ്ധിയോടെ ഡിപ്പ് (വിപണി താഴുമ്പോഴും ഓഹരി വാങ്ങുക) വാങ്ങിക്കൂട്ടുകയായിരുന്നു.

മ്യൂച്ചല്‍ ഫണ്ടും തുണച്ചു:ഇതുപ്രകാരം 2022 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് (എന്‍എസ്‌ഇ) പട്ടികപ്പെടുത്തിയ സ്ഥാപനങ്ങളിലെ റീട്ടെയിൽ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം എക്കാലത്തെയും ഉയർന്ന നിരക്കായ 7.42 ശതമാനത്തിലെത്തി. ഇത് ഏതാണ്ട് 19 ലക്ഷം കോടി രൂപ വരും. ചിട്ടയായ രീതിയിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും 2022 ല്‍ വിപണിക്ക് ശക്തി പകര്‍ന്നിട്ടുണ്ട്.

വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കിടയിലും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലെ വര്‍ധിച്ചുവരുന്ന ഈ പ്രവണത ഇക്വിറ്റി, ഡെബ്‌റ്റ് വിഭാഗങ്ങളിലായി ഈ നവംബറില്‍ 13,306 കോടി രൂപ എന്ന റെക്കോഡിലുമെത്തി. ഇത് 43-പ്ലേയർ മ്യൂച്വൽ ഫണ്ട് വ്യവസായത്തിന്‍റെ മാനേജ്മെന്‍റിന് കീഴിലുള്ള സ്വത്തുവകകളായ അസറ്റ് അണ്ടർ മാനേജ്‌മെന്റ് (എയുഎം) 40.49 ലക്ഷം കോടി രൂപയുടെ ആജീവനാന്ത വളര്‍ച്ചയും നേടി. ഇതോടെ ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിന്റെ വക്കിൽ ആടിയുലയുമ്പോഴും ഇന്ത്യ ശക്തമായ അടിത്തറയില്‍ നിലനിന്നു.

പഴികേള്‍ക്കാതെ 'ജിഎസ്‌ടി':ജിഎസ്‌ടിയും മറ്റ് സാമ്പത്തിക സൂചകങ്ങളും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്‌ക്ക് പച്ചക്കൊടി കാട്ടി എന്നതും മാറ്റി നിര്‍ത്താനാകില്ല. "തുടർച്ചയായ എട്ടാം മാസമായ നവംബറിലും ജിഎസ്‌ടി കലക്ഷന്‍ 1.4 ലക്ഷം കോടി രൂപയ്‌ക്ക് മുകളിലായിരുന്നു. ഇ വേ ബില്‍ ജനറേഷനും (ജിഎസ്‌ടി ഉപഭോക്താവിനും വിതരണക്കാരനുമിടയിലുള്ള ഇ ബില്ലിങ്) മാര്‍ച്ച് മുതല്‍ ഏഴു കോടി രൂപയ്‌ക്ക് മുകളിലാണ്. മറ്റ് സാമ്പത്തിക സൂചകങ്ങളായ ജിഡിപി, പിഎംഐ എന്നിവയും മഹാമാരിയ്‌ക്ക് ശേഷം ഭേദപ്പെട്ട നിലയിലാണ്" എന്ന് മോത്തിലാല്‍ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് റീട്ടെയിൽ റിസർച്ച് മേധാവി സിദ്ധാർത്ഥ ഖേംക വ്യക്തമാക്കുന്നു.

അനുകരിച്ച് 'അടിതെറ്റിയവര്‍':പല നിക്ഷേപകരും അനുഭവസമ്പത്ത് മുതലാക്കി നേട്ടം കൊയ്‌തപ്പോള്‍ പുതിയ പാഠങ്ങളൊന്നും പഠിക്കാതെ നോക്കി നിന്നവരും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായിരുന്നു. ഇത്തരത്തില്‍ 2022 ല്‍ നഷ്‌ടക്കാരുടെ പട്ടികയിലേക്ക് കടന്നുവന്നത് നവയുഗ സാങ്കേതിക കമ്പനികളുടെ ഒരു കൂട്ടമായിരുന്നു. പേടിഎം, സൊമാറ്റോ എന്നിവയ്‌ക്ക് പിന്നാലെ സ്വകാര്യ കമ്പനിയുടെ ആദ്യ ഓഹരികള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വില്‍പന നടത്തുന്ന ഇനീഷ്യല്‍ പബ്ലിക് ഓഫറിങ് (ഐപിഒ) കമ്പനികളായെത്തിയ ഡെല്‍ഹിവെരി, ട്രാക്‌സന്‍ എന്നീ സ്‌റ്റാര്‍ട്പ്പുകള്‍ക്ക് പറ്റിയത് ഈ വീഴ്‌ചയാണ്. ഇവര്‍ തങ്ങളുടെ ലിസ്‌റ്റിങ് വിലയെക്കാള്‍ 15 മുതല്‍ 70 ശതമാനം വരെ താഴ്‌ചയില്‍ വ്യാപാരം നടത്തിയതോടെ സ്വയം നഷ്‌ടപ്പെടുകയും ആയിരക്കണക്കിന് കോടി നിക്ഷേപരുടെ നിക്ഷേപവും നഷ്‌ടത്തിലാക്കി.

വിപണി മറന്ന് വലയെറിഞ്ഞവര്‍:ഒരു ദശാബ്‌ദത്തിനിടെ ലോകത്തിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന ഐപിഒ കമ്പനിയായി മാറിയത് പേടിഎമ്മാണ്. പലിശനിരക്ക് കുറഞ്ഞ സമയത്ത് സമൃദ്ധമായ ഇവരുടെ പണമിടപാടുകള്‍ പലിശ നിരക്ക് കുതിച്ചുയർന്നപ്പോൾ വന്‍ബാധ്യതകളായി മാറുകയായിരുന്നു. യുഎസിലെ ടെക് ഭീമന്മാരായ ആല്‍ഫബെറ്റ്, ആമസോണ്‍, മെറ്റ തുടങ്ങിയവര്‍ 5.6 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനം നഷ്‌ടപ്പെട്ടു നില്‍ക്കവെയാണ് പേടിഎം കൈവിട്ട കളി കളിച്ചത് എന്നതും ചേര്‍ത്തുവായിക്കേണ്ടതാണ്.

വേഗതയില്ലാത്ത ഓട്ടം:പേടിഎമ്മിനെ പോലുള്ള കമ്പനികളെ കൂടാതെ ആഗോള പ്രശസ്‌തി നേടിയ ചില വമ്പന്മാര്‍ക്കും വിപണി മനസിലാകാതെ പോയതോ മനസിലാക്കാന്‍ വൈകിയതോ തിരിച്ചടിയായി. ഇതില്‍ പ്രധാനിയായിരുന്നു എച്ച്‌ഡിഎഫ്‌സി. എച്ച്‌ഡിഎഫ്‌സിയും എച്ച്‌ഡിഎഫ്‌സി ബാങ്കും ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം പ്രഖ്യാപിച്ചതിന് പിന്നാലെ വിപണിയിലെ പ്രമാണികളായ ഇവരുടെ വിപണി ശതമാനം ഏപ്രില്‍ നാലിന് പത്ത് ശതമാനം കുതിച്ചുയര്‍ന്നു. എന്നാല്‍ പ്രാരംഭ ഘട്ടത്തിലെ ഈ കുതിപ്പ് തുടരാനാവാതെ വന്നതും ഓട്ടത്തില്‍ വന്ന പാളിച്ചയും ഇവരെ തളര്‍ത്തി.

എല്‍ഐസിക്ക് ഇതെന്ത് പറ്റി?:രാജ്യത്തെ ഏറ്റവും വലിയ ഐപിഒയായ എല്‍ഐസിക്കും സമാനമായ തെറ്റാണ് പറ്റിയത്. 20,557 കോടി രൂപയുമായി ഏറ്റവും വലിയ ഐപിഒയായി എല്‍ഐസി മാറുന്നത് മേയിലാണ്. എന്നാല്‍ ദീർഘകാലാടിസ്ഥാനത്തില്‍ ഈ പ്രകടനം തുടരാനോ ഇഷ്യു പ്രൈസ് (ലഭ്യമാക്കാമെന്ന് ആദ്യം അറിയിക്കുന്ന തുക) എത്തിക്കാന്‍ സാധിച്ചില്ല.

ലോകപൊലീസിനും കണക്കുപിഴച്ചു: ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തിലും പല സ്ഥാപനങ്ങള്‍ക്കും ഈ അമളി പറ്റുന്നത് കാണാനായി. ഇതിലൊന്നാണ് യുഎസ് ഫെഡറല്‍ റിസര്‍വ്. പണപ്പെരുപ്പം തടയാനായി 2022 ന്റെ തുടക്കത്തിൽ പൂജ്യത്തിൽ നിന്ന് നിലവിൽ 4.25 മുതല്‍ 4.50 ശതമാനമായി ഏഴ് തവണയാണ് യുഎസ് സെൻട്രൽ ബാങ്ക് നിരക്കുകൾ ഉയർത്തുന്നത്. എന്നിട്ടും പണപ്പെരുപ്പത്തിനെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് ഫെഡറൽ ചെയർ ജെറോം പവൽ ആവർത്തിക്കുമ്പോള്‍ ഇത് സൂചിപ്പിക്കുന്നതും വിപണിയെ മനസിലാക്കാനായില്ല എന്നതു തന്നെയാണ്.

കരുതലോടെ മുന്നോട്ട്: ഇന്ത്യയുടെ റിസര്‍വ് ബാങ്കിലേക്കെത്തിയാലും തളര്‍ച്ച തടയാനുള്ള നയം കര്‍ശനമാക്കുന്ന ശ്രമത്തിലാണെന്ന് കാണാനാകും. വിലക്കയറ്റം തണുപ്പിക്കാന്‍ ആര്‍ബിഐ റിപ്പോ നിരക്ക് അഞ്ച് ഘട്ടങ്ങളിലായി 225 ബേസിസ് പോയിന്‍റുകള്‍ കൂട്ടി മേയ് മുതല്‍ 6.25 ശതമാനം വരെ ഉയര്‍ത്തി. ഈ നവംബറില്‍ രാജ്യത്തിന്‍റെ റീട്ടെയ്‌ല്‍ പണപ്പെരുപ്പം ഉയര്‍ന്ന സഹിഷ്‌ണുത പരിധിയായ ആറ് ശതമാനത്തിന് താഴെ എത്തിയിട്ടുണ്ടെങ്കില്‍ ഏറെ സൂക്ഷിക്കേണ്ടിയിരിക്കുന്നു എന്ന് തീര്‍ച്ചയാണ്.

ഇനിയെന്ത്, മുന്നിലെന്ത്: അതുകൊണ്ടുതന്നെ വികസിതവും വികസ്വരവുമായ വിപണിയിലെ പ്രകടനങ്ങള്‍ പരിഗണിച്ച് മിതമായ പോസിറ്റീവ് ആവറേജ് റിട്ടേണ്‍ 2023 ല്‍ പ്രതീക്ഷിക്കാം. അതേസമയം വളർന്നുവരുന്ന വിപണിയായി ഇന്ത്യ മാറുന്നതും ശുഭസൂചനയാണ്. എന്നാല്‍ ഒന്നിന് പിറകെ മറ്റൊന്നായുള്ള ആഗോള പ്രശ്‌നങ്ങള്‍ ഇനിയങ്ങോട്ട് ഇന്ത്യന്‍ വിപണിയെ എങ്ങനെ ബാധിക്കുമെന്നത് പ്രവചനാതീതവുമാണ്.

ABOUT THE AUTHOR

...view details