ന്യൂയോര്‍ക്ക്:അമേരിക്കന്‍ ബിസിനസ് മാഗസിനായ ഫോബ്‌സ് പുറത്തുവിട്ട ലോകത്തിലെ ശക്തരായ 100 വനിതകളില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും. ബയോകോയിന്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മസുംദര്‍ ഷാ, നൈക്ക സ്ഥാപക ഫല്‍ഗുണി നയാര്‍ തുടങ്ങിയ ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട പട്ടികയിലാണ് 36 ആം സ്ഥാനത്തായി നിര്‍മല സീതാരാമനും ഇടം പിടിച്ചത്. മാത്രമല്ല ഇതോടെ തുടര്‍ച്ചയായി നാല് വര്‍ഷങ്ങളില്‍ ഫോബ്‌സ് മാസികയില്‍ ഇടം പിടിക്കാനും നിര്‍മല സീതാരാമന് സാധിച്ചു.
ഇവര്‍ 'സ്ഥിരം സാന്നിധ്യം': ഫോബ്‌സിന്‍റെ ലോകത്തിലെ ശക്തരായ 100 വനിതകളുടെ 2021 ലെ പട്ടികയില്‍ 37 സ്ഥാനത്തായിരുന്നു നിര്‍മല സീതാരാമനെങ്കില്‍ ഇത്തവണ ഒരു സ്ഥാനം മെച്ചപ്പെടുത്തി 36 ാമതാണ് ധനമന്ത്രി. കൂടാതെ 2020 ല്‍ 41 ആം സ്ഥാനത്തും 2019 ല്‍ 34 സ്ഥാനത്തും ഇവര്‍ എത്തിയിരുന്നു. ഇവരെക്കൂടാതെ ഇത്തവണത്തെ പട്ടികയില്‍ എച്ച്‌സിഎല്‍ ടെക് ചെയര്‍പേഴ്‌സണ്‍ റോഷ്‌ണി നഡാര്‍ മല്‍ഹോത്ര 53 ആം സ്ഥാനത്തും, സെക്യൂരിറ്റി ആന്‍റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സൈബി) ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബച്ച് 54 ആം സ്ഥാനത്തും, സ്‌റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍പേഴ്‌സണ്‍ സൊമ മൊണ്ടല്‍ 67 ആം സ്ഥാനവും നേടി രാജ്യത്തിന്‍റെ അഭിമാനമായി.
കയറിയും ഇറങ്ങിയും: അതേസമയം കഴിഞ്ഞ തവണ പട്ടികയില്‍ യഥാക്രമം 72 ഉം 88 ഉം സ്ഥാനങ്ങളിലുണ്ടായിരുന്ന കിരണ്‍ മസുംദര്‍ ഷാ, ഫല്‍ഗുണി നയാര്‍ എന്നിവര്‍ ഇത്തവണ കാര്യമായ സ്ഥാനക്കയറ്റങ്ങള്‍ ലഭിച്ചില്ല. മസുംദര്‍ ഷാ ഇത്തവണയും 72 ആം സ്ഥാനം കൊണ്ടും ഫല്‍ഗുണി നയാര്‍ ഒരു സ്ഥാനം താഴെയിറങ്ങി 89 ആം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. എല്ലാത്തിലുമുപരി ഫോബ്‌സ് ഇന്നലെ പുറത്തുവിട്ട പട്ടികയില്‍ 39 സിഇഒമാരും 10 രാഷ്‌ട്ര നേതാക്കളും, 115 ബില്യൺ ഡോളര്‍ മൊത്തം മൂല്യമുള്ള 11 ശതകോടീശ്വരരുമാണുള്ളത്.
ആ തീരുമാനത്തിന് 'ഒരു കുതിരപ്പവന്‍':ഫല്‍ഗുണി നയാറുടെ പരിചയപ്പെടുത്തിക്കൊണ്ട് ഫോബ്‌സ് കുറിച്ചത് ഇങ്ങനെയാണ്: "രണ്ട് പതിറ്റാണ്ട് ഒരു നിക്ഷേപ ബാങ്കറായി പ്രവര്‍ത്തിച്ചു. ഇതുവഴി പൊതുജന ഓഫറിങുകളായ ഐപിഒകള്‍ സാധ്യമാക്കുകയും സംരംഭകരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാന്‍ സഹായിക്കുകയും ചെയ്‌തു. 2012 ല്‍ അവര്‍ സ്വയം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തന്‍റെ സമ്പാദ്യമായ രണ്ട് ദശലക്ഷം ഡോളര്‍ നിക്ഷേപിച്ച് ബ്യൂട്ടി ആന്‍റ് റീട്ടെയില്‍ കമ്പനിയായ നൈക്ക ആരംഭിച്ചു. 2021 ല്‍ ഇന്ത്യയിലെ ഏറ്റവും ധനികയായ സ്വയം പര്യാപ്‌ത വനിതയായി പൊതുമധ്യത്തിലേക്ക് വന്നു".