കേരളം

kerala

ഭക്ഷ്യ എണ്ണ വില ഒരു മാസത്തിനിടെ വര്‍ധിച്ച് പതിനഞ്ച് ശതമാനത്തോളം

കഴിഞ്ഞ ഒരു മാസത്തിൽ അസംസ്‌കൃത പാം ഓയിലിന്‍റെ (സി‌പി‌ഒ) വിലയിൽ 15 ശതമാനം വര്‍ധനയാണ് ഉണ്ടായത്

By

Published : Jan 11, 2020, 9:30 PM IST

Published : Jan 11, 2020, 9:30 PM IST

Edible oil prices rise by 15% in a month
ഭക്ഷ്യ എണ്ണ വിലയിൽ ഒരു മാസം 15 ശതമാനത്തോളം വർധിച്ചു

ന്യൂഡൽഹി:രാജ്യത്തെ അസംസ്‌കൃത പാം ഓയിലിന്‍റെ (സിപിഒ) വില 15 ശതമാനം വര്‍ധിച്ചു. മലേഷ്യയില്‍ നിന്നുള്ള സംസ്‌കരിച്ച പാം ഓയിൽ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വര്‍ധന. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്‌സ്‌) എല്ലാ സി‌പി‌ഒ ഫ്യൂച്ചറുകൾക്കും വെള്ളിയാഴ്‌ച (ജനുവരി-2020) വ്യാപാരം നടക്കുമ്പോൾ 10 കിലോക്ക് വില 839.80 രൂപയായി ഉയർന്നു. ഒരു മാസം മുമ്പ് ഡിസംബർ പത്തിന് എം‌സി‌എക്‌സിന്‍റെ സി‌പി‌ഒ വില 10 കിലോക്ക് 731.40 രൂപയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിൽ സി‌പി‌ഒ വിലയിൽ 15 ശതമാനമാണ് വർധനയുണ്ടായത്.

പാം ഓയിൽ ഇറക്കുമതി ക്രമാതീതമായി വർധിച്ചതോടെ എല്ലാ ഭക്ഷ്യ എണ്ണകളുടെയും വിലയിൽ വർധനയുണ്ടായി. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ ലഭ്യമായ ചില്ലറ വില പ്രകാരം കഴിഞ്ഞ ഒരു മാസത്തിനിടെ ഡൽഹിയിലെ കടുക് എണ്ണയുടെ വില കിലോക്ക് 12 രൂപ വർധിച്ചു. കടുക് എണ്ണയുടെ വില 2019 ഡിസംബർ പത്തിന് ഡൽഹിയിൽ കിലോക്ക് 124 രൂപയായിരുന്നു, 2020 ജനുവരി പത്തിന് കിലോക്ക് 136 രൂപയായി ഉയർന്നു. അതേസമയം പാം ഓയിലിന്‍റെ വില 91 രൂപയിൽ നിന്ന് ഡൽഹിയിൽ കിലോക്ക് 105 രൂപയായി ഉയർന്നു. ഡൽഹിയിൽ സോയ എണ്ണയുടെ വില കിലോക്ക് 106 രൂപയിൽ നിന്ന് 122 രൂപയായും ഉയർന്നു. ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്ത് സംസ്‌കരിച്ച പാം ഓയിലിന് (ആർ‌ബിഡി) വെള്ളിയാഴ്‌ച 10 കിലോക്ക് 890 രൂപയാണ് വില. ഡിസംബറിൽ 10 കിലോക്ക് 810 രൂപ ആയിരുന്നു വില. 2020 ജനുവരി പത്തിന് കാണ്ട്‌ല തുറമുഖത്ത് സംസ്‌കരിച്ച സൂര്യമുഖിയുടെ വില 10 കിലോഗ്രാമിന് 960 രൂപയായിരുന്നു. ഒരു മാസം മുമ്പ് 10 കിലോക്ക് 860 രൂപ ആയിരുന്നു വില. അർജന്‍റീനയിൽ നിന്നാണ് ഇന്ത്യ കൂടുതൽ സോയ എണ്ണ ഇറക്കുമതി ചെയ്യുന്നത്. 2019 ഡിസംബർ ഒമ്പതിന് സോയ എണ്ണയുടെ വില ടണ്ണിന് 741.25 ഡോളറായിരുന്നത് (എഫ്ഒബി) 2020 ജനുവരി ഒമ്പതിന് ടണ്ണിന് 823 ഡോളറായി ഉയർന്നു. മലേഷ്യയിൽ നിന്ന് അസംസ്‌കൃത പാം ഓയിൽ (സി‌പി‌ഒ) ഇറക്കുമതി തുടരുമെങ്കിലും മലേഷ്യയിൽ നിന്നുള്ള സംസ്‌കൃത പാം ഓയിൽ ഇറക്കുമതി നിയന്ത്രിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2017-18ൽ 145.16 ലക്ഷം ടൺ ഭക്ഷ്യ എണ്ണയുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 2018-19 (നവംബർ-ഒക്‌ടോബർ) സീസണിൽ ഇന്ത്യ 149.13 ലക്ഷം ടൺ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്‌തു. 2018-19 ൽ മൊത്തം സസ്യ എണ്ണ (ഭക്ഷ്യയോഗ്യമായതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ) ഇറക്കുമതി 155.49 ലക്ഷം ടണ്ണായിരുന്നു. 2017-18 വർഷത്തിൽ മൊത്തം സസ്യ എണ്ണ ഇറക്കുമതി 150.02 ലക്ഷം ടണ്ണായിരുന്നു. ലോകമെമ്പാടും ഭക്ഷ്യ എണ്ണയുടെ വില വർദ്ധിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ എണ്ണ ക്ഷാമം കാരണം ഇപ്പോൾ എണ്ണവിലക്കയറ്റത്തിൽ നിന്ന് ആശ്വാസം പ്രതീക്ഷിക്കാനാവില്ലെന്നും എണ്ണ വിപണി വിദഗ്‌ദൻ സലിൻ ജെയ്ൻ പറഞ്ഞു.

ABOUT THE AUTHOR

...view details