ഹൈദരാബാദ് : ഇന്ത്യയിലെ യുവാക്കളോട് ആഴ്‌ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ ഉപദേശിച്ച് വീണ്ടും വിവാദ പ്രസ്‌താവനയുമായി പ്രമുഖ വ്യവസായിയും ഇൻഫോസിസ് കോ ഫൗണ്ടറുമായ എൻ ആർ നാരായണമൂർത്തി (Controversial statement of Narayana Murthy to Indian youth). രാജ്യത്തെ അഭ്യസ്‌തവിദ്യരായ യുവാക്കൾ കഠിനാധ്വാനം ചെയ്യുന്നവരോട് കടപ്പെട്ടിരിയ്‌ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സിഎൻബിസി ടി വി 18ന് നൽകിയ അഭിമുഖത്തിൽ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
ന്യായീകരണം ഇങ്ങനെ: "രാജ്യത്തെ കർഷകരും ഫാക്‌ടറി തൊഴിലാളികളും അടക്കമുള്ളവർ കഠിനാധ്വാനം ചെയ്യുന്നവരാണ്. ഇത് ഇന്ത്യയിൽ സാധാരണവുമാണ്. അതിനാൽ തന്നെ സർക്കാറിൽ നിന്നും ലഭിച്ച വലിയ സബ്‌സിഡിയിൽ വിദ്യാഭ്യാസം നേടിയവർ രാജ്യത്തെ കഠിനാധ്വാനം ചെയ്യുന്ന ഭാഗ്യമില്ലാത്ത പൗരന്മാരോട് കടപ്പെട്ടിരിക്കുന്നു."
പറയുന്ന കാര്യങ്ങൾ ആദ്യം പ്രാവർത്തികമാക്കാതെ താൻ ഒരിക്കലും ഉപദേശം നൽകിയിട്ടില്ലെന്ന് നാരായണ മൂർത്തി പറഞ്ഞു. ഇൻഫോസിസിൽ രാവിലെ 6 മണിക്ക് ജോലി ആരംഭിച്ച് രാത്രി 9 മണിക്കായിരുന്നു അവസാനിപ്പിക്കാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് മേഖലയിലാണെങ്കിലും, ആരെങ്കിലും തന്നേക്കാൾ മികച്ച രീതിയിൽ തൊഴിലെടുക്കുന്നുണ്ടെങ്കിൽ അവരെ ബഹുമാനിക്കുമെന്ന് നാരായണ മൂർത്തി പറഞ്ഞു.
മുമ്പ് നാരായണ മൂർത്തി നടത്തിയ പ്രസാതാവനയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതികരണങ്ങൾ നേരിടേണ്ടി വന്നിരുന്നു. അതിനിടെയാണ് വീണ്ടും അതേ നിലപാടിലുറച്ച് അദ്ദേഹം രംഗത്തെത്തിയത്. എന്നാൽ ഇത് പറയുമ്പാൾ തനിക്ക് എവിടെയാണ് തെറ്റ് പറ്റിയതെന്ന് മനസിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.