തിരുവനന്തപുരം: പ്രാതലിന് പുട്ട് ഇഷ്‌ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ നമ്മളിൽ പലരും ഇതുവരെ രുചിച്ചിട്ടില്ലാത്ത പുട്ടുകളുടെ വൈവിധ്യമാർന്ന രുചി കൂട്ടുകളാൽ ആകർഷകമാകുകയാണ് കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന അനന്തപുരി മേള. തലസ്ഥാന നഗരിയിലെ ചെറുകിട വ്യവസായ സംരംഭകരെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്നതാണ് മേള.
വ്യവസായ വാണിജ്യ വകുപ്പും ജില്ല വ്യവസായ കേന്ദ്രവും സംയുക്തമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ചെറുകിട വ്യവസായ സംരംഭകരുടെ ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് മേളയുടെ ലക്ഷ്യം. 20 വർഷമായി കാട്ടാക്കട പൂവച്ചലിൽ 'ബി സ്റ്റാർ അഗ്രോ ന്യുട്രി ഫുഡ്‌സ്' എന്ന വ്യവസായ സംരംഭം നടത്തുന്ന ഷിനു ബെർട്ടിൻ ദമ്പതികളാണ് വൈവിധ്യമാർന്ന പുട്ടുകളുടെ രുചിക്കൂട്ടുകൾ മേളയിൽ എത്തിച്ചിരിക്കുന്നത്.
നവീന ആശയങ്ങളുമായി സംരംഭ മേഖലയിലെത്തുന്ന ചെറുകിട സംരംഭകര്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ പ്രോത്സാഹനം നല്‍ക്കുന്നതിനും അവരുടെ ഉത്‌പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും അനന്തപുരി മേള ഏറെ സഹായകരമാണ്. സംരംഭകര്‍ക്ക് വ്യത്യസ്‌തമായ നിരവധി ഉത്‌പന്നങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ മേളയിലൂടെ സാധിച്ചു.
അനന്തപുരി മേളയിലെ വ്യത്യസ്‌ത വിഭവങ്ങള്‍:ചോക്ലേറ്റ് പുട്ട്, വാനില പുട്ട്, ബീറ്റ്റൂട്ട് പുട്ട്, ചക്കക്കുരു പുട്ട്, നവര പുട്ട് എന്നിങ്ങനെ വിവിധയിനം പുട്ടുപൊടികളുടെ പ്രദർശനവും വിൽപ്പനയുമാണ് മേളയിലെ പ്രധാന ആകർഷണം.
നമ്മളിൽ ഭൂരിഭാഗം പേരും ഇന്ന് വരെ കഴിച്ചിട്ടില്ലാത്ത ചോക്ലേറ്റ് പുട്ട് തന്നെയാണ് മേളയിലെ ഹൈലറ്റ്. അരിപ്പൊടിയിൽ ചോക്ലേറ്റ് പൊടി ചേർത്താണ് ചോക്ലേറ്റ് പുട്ടുണ്ടാക്കുന്നത്. ഇത് വാങ്ങാൻ എത്തുന്ന ആളുകളും ഏറെയാണ്.