ന്യൂഡല്‍ഹി: 2020-21 വര്‍ഷത്തില്‍ രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് കനത്ത നഷ്‌ടം സംഭവിച്ചതായി കേന്ദ്ര സർക്കാർ. എയര്‍ലൈനുകള്‍ക്ക് 19,564 കോടി രൂപയും വിമാനത്താവളങ്ങൾക്ക് 5,116 കോടി രൂപയും നഷ്‌ടം ഉണ്ടായന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി ജനറൽ (റിട്ട) വികെ സിങ് രാജ്യസഭയെ അറിയിച്ചു. കൊവിഡ്-19 സൃഷ്‌ടിച്ച പ്രതിസന്ധിയാണ് വ്യോമയാന മേഖലയിലെ നഷ്‌ടത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടത്തില്‍ നിന്ന് കരകയറാൻ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്‌കീം (ECLGS) വിമാനക്കമ്പനികളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പാർലമെന്‍റിനെ അറിയിച്ചു. അംഗീകൃത വായ്‌പ നൽകുന്ന സ്ഥാപനങ്ങൾ വഴി സിവിൽ ഏവിയേഷനിൽ വായ്‌പയെടുക്കുന്നവർക്ക് 100% ഗ്യാരണ്ടി ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. 2021 ഒക്ടോബർ 18 മുതൽ ഷെഡ്യൂൾ ചെയ്‌ത ആഭ്യന്തര വിമാന സർവീസുകൾ പുനസ്ഥാപിച്ചതായും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.