ന്യൂഡല്‍ഹി : പുതിയ 500 വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ബോയിങ്, എയര്‍ബസ് കമ്പനികളില്‍ നിന്നാകും ജെറ്റ്‌ലൈനര്‍ വിമാനങ്ങള്‍ വാങ്ങുക. ഇതിനായി ആയിരം കോടി ഡോളറോളം രൂപ ചെലവഴിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ആകാശപാത കീഴടക്കാന്‍ എയര്‍ ഇന്ത്യ ; പുതിയ 500 വിമാനങ്ങള്‍ വാങ്ങുമെന്ന് റിപ്പോര്‍ട്ട് - ആര്‍ ജെ ഡി ടാറ്റ
ബോയിങ്, എയര്‍ബസ് വിമാനങ്ങള്‍ സ്വന്തമാക്കുന്ന പദ്ധതിക്കായി എയര്‍ ഇന്ത്യ ആയിരം കോടി ഡോളറോളം രൂപ ചെലവിടുമെന്നാണ് പുറത്തുവരുന്ന വിവരം
എയര്‍ബസ് എ350, ബോയിങ് 787,777 എന്നീ വിമാനങ്ങളാണ് കമ്പനി വാങ്ങുക. എന്നാല്‍ എയര്‍ ഇന്ത്യയോ, എയര്‍ബസോ ബോയിങ്ങോ പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വിസ്‌താരയെ എയര്‍ ഇന്ത്യയുമായി ലയിപ്പിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് കമ്പനി പുതിയ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ടാറ്റ ഗ്രൂപ്പ് വാങ്ങിയതിന് പിന്നാലെ വലിയ തോതിലുള്ള അഴിച്ചുപണിക്ക് എയര്‍ ഇന്ത്യ തയ്യാറെടുക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. വിസ്‌താരയുമായി ലയിച്ചതിന് പിന്നാലെ 218 വിമാനങ്ങളുമായി രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ ആഭ്യന്തര കാരിയറുമായി എയര്‍ ഇന്ത്യ മാറിയിരുന്നു. 1932ല്‍ ആര്‍ ജെ ഡി ടാറ്റ ആരംഭിച്ച എയര്‍ ഇന്ത്യ 1953ല്‍ ദേശസാല്‍ക്കരിച്ചു. തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം ടാറ്റ ഗ്രൂപ്പ് വീണ്ടെടുത്തത്.