ന്യൂഡല്‍ഹി: ബിഹാറില്‍ ഉല്‍പാദിപ്പിക്കുന്ന 'സഹി ലിച്ചി' പഴം ജിഐ അംഗീകാരത്തോടെ യുകെയിലേക്ക് കയറ്റി അയച്ചു തുടങ്ങി. ഇത് രാജ്യത്തെ കാർഷിക കയറ്റുമതി രംഗത്തിന് ലഭിച്ച നേട്ടമാണെന്ന് ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് നിന്ന് ജിഐ അംഗീകാരത്തോടെ കയറ്റി അയക്കുന്ന മൂന്നാമത്തെ കാര്‍ഷിക ഉല്‍പന്നമാണ് 'സഹി ലിച്ചി'.
ബിഹാറില്‍ നിന്നും സഹി ലിച്ചി യുകെയിലേക്ക് കയറ്റി അയച്ചു - ബിഹാര്‍ ലിച്ചി
രാജ്യത്ത് നിന്നും ജിഐ അംഗീകാരത്തോടെ വിദേശത്തേക്ക് കയറ്റി അയക്കുന്ന മൂന്നാമത്തെ കാര്‍ഷിക ഉല്‍പന്നമാണ് സഹി ലിച്ചി.
മെയ് 19ന് മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ നിന്നും യുകെയിലേക്ക് ചിക്കു കയറ്റി അയച്ചിരുന്നു. നേരത്തെ ആന്ധ്രയിലെ കൃഷ്‌ണ-ചിറ്റൂര്‍ ജില്ലകളില്‍ വികസിപ്പിച്ച ബന്‍ഗനപിള്ളി, സുര്‍വര്‍നരേഖ മാമ്പഴങ്ങള്‍ ദക്ഷിണ കൊറിയയിലേക്കും കയറ്റി അയച്ചിരുന്നു. സഹി ലിച്ചി ഉല്‍പ്പാദിപ്പിക്കുന്നതില്‍ അഗ്രികള്‍ച്ചറല്‍ ആന്‍റ് പ്രൊസസ്‌ഡ് ഫുഡ് പ്രൊഡക്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്മെന്‍റ് ബിഹാറിലെ കാര്‍ഷിക വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
ബിഹാറിലെ മുസാഫര്‍പൂര്‍, വൈശാലി, സമസ്‌തിപൂര്‍, ചംപരന്‍, ബെഗുസരൈ എന്നിവിടങ്ങളില്‍ സഹി ലിച്ചിക്ക് വളരാന്‍ അനുകൂല കാലാവസ്ഥയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ലിച്ചി ഉല്‍പാദിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്. സംസ്ഥാന കാർഷിക-കയറ്റുമതി പദ്ധതി അന്തിമമാക്കിയ ശേഷം മഖാന, മാമ്പഴം, ലിച്ചി, മറ്റ് പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ കയറ്റുമതി സാധ്യത പ്രയോജനപ്പെടുത്തുമെന്ന് എപിഇഡിഎ അറിയിച്ചു. കയറ്റുമതിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.