എൽഐസിയുടെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) നടപടികൾ കൈകാര്യം ചെയ്യാൻ ബാങ്കുകളെ തെരഞ്ഞെടുത്ത് കേന്ദ്ര സർക്കാർ. അപേക്ഷ നൽകിയ 16 എണ്ണത്തിൽ നിന്നാണ് പത്ത് ബാങ്കുകളെ കേന്ദ്രം തെരഞ്ഞെടുത്തത്.
ഗോൾഡ്‌മാന്‍ സാഷെ, സിറ്റി ഗ്രൂപ്പ്, കൊട്ടക് മഹീന്ദ്ര, എസ്.ബി.ഐ. കാപ്‌സ്, ജെ.എം. ഫിനാൻഷ്യൽ ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ, നോമുറ, ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ്, ജെ.പി. മോർഗൻ ഇന്ത്യ, ഐ.സി.ഐ.സി.ഐ. സെക്യൂരിറ്റീസ് എന്നിവയാണ് തെരഞ്ഞെടുത്ത ബാങ്കുകൾ.
Also Read:ചെറുകിട കച്ചവടക്കാർക്ക് രണ്ട് മിനിട്ടിൽ വായ്‌പ; പുതിയ പദ്ധതിയുമായി ഫ്ലിപ്‌കാർട്ട്
എൽഐസി ഐപിഒയുലൂടെ 80,000 മുതൽ 90,000 കോടി രൂപവരെ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആകെ 34 ലക്ഷം കോടി രൂപയുടെ ആസ്ഥിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ എൽഐസിക്ക് ഉള്ളത്.
സിംഗപ്പൂരില്‍ ഒരു ഉപ കമ്പനി കൂടാതെ കെനിയ, ശ്രീലങ്ക, സൗദി അറേബ്യ, ബഹ്‌റൈൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ സംയുക്ത സംരംഭങ്ങളും എൽഐസിക്ക് ഉണ്ട്. ഈ സാമ്പത്തിക വർഷം1.75 ലക്ഷം കോടിയാണ് സ്വകാര്യവത്കരണത്തിലൂടെ കേന്ദ്രം സമാഹരിക്കാൻ പദ്ധതിയിടുന്നത്.