എസ്‌ബിഐയ്‌ക്ക് പിന്നാലെ ഐസിഐസിഐ ബാങ്കും എടിഎം, ചെക്ക് ബുക്ക് സേവനങ്ങളുടെ നിരക്കുകൾ പരിഷ്കരിച്ചു. പുതുക്കിയ നിരക്കുകൾ അടുത്തമാസം ഓഗസ്റ്റ് മുതൽ നിലവിൽ വരും. സാലറി അക്കൗണ്ടുകൾക്ക് ഉൾപ്പെടെ എല്ലാ സേവിംഗ്‌സ് അക്കൗണ്ടുകൾക്കും പുതുക്കിയ നിരക്ക് ബാധകമായിരിക്കും.
എടിഎം പണമിടപാടുകൾ
ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് ആറ് മെട്രോ നഗരങ്ങളിൽ നിന്ന് (മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്) മാസം ആദ്യത്തെ മൂന്ന് ഇടപാടുകൾ (സാമ്പത്തിക, സാമ്പത്തികേതര) സൗജന്യമായിരിക്കും. മറ്റെല്ലാ സ്ഥലങ്ങളിലും ആദ്യത്തെ അഞ്ച് ഇടപാടുകൾ സൗജന്യമായി ലഭിക്കും.ശേഷം ഒരു സാമ്പത്തിക ഇടപാടിന് 20 രൂപയും സാമ്പത്തികേതര ഇടപാടിന് 8.50 രൂപയും ചാർജ് ഈടാക്കും. ഈ നിരക്കുകൾ സിൽവർ, ഗോൾഡ്, മാഗ്നം, ടൈറ്റാനിയം, വെൽത്ത് കാർഡ് ഉടമകൾക്ക് ബാധകമാണ്.
ഹോം ബ്രാഞ്ചിൽ പണമിടപാട്
പ്രതിമാസം നാല് തവണവരെ ഹോം ബ്രാഞ്ചിൽ നിന്ന് സൗജന്യ പണമിടപാടുകൾ നടത്താം. ശേഷമുള്ള ഓരോ ഇടപാടിനും 150 രൂപ വീതം ഈടാക്കും. ഒരു മാസം സ്വന്തം ബ്രാഞ്ചിൽ നിന്ന് ഒരു ലക്ഷം രൂപ വരെ സൗജന്യമായി പിൻവലിക്കാം. ഒരു ലക്ഷത്തിന് മുകളിൽ തുക പിൻവലിക്കാൻ ഓരോ 1000 രൂപയ്‌ക്കും അഞ്ച് രൂപ വീതം കുറഞ്ഞത് 150 രൂപ നിരക്കിൽ ബാങ്ക് ചാർജ് ഈടാക്കും.
മറ്റ് ബ്രാഞ്ചുകളിലെ പണമിടപാട്
ബാങ്കിന്‍റെ മറ്റ് ബ്രാഞ്ചുകളിൽ നിന്ന് പ്രതിദിനം 25,000 രൂപവരെയുള്ള പണമിടപാടുകൾ സൗജന്യമായി നടത്താം. 25,000 രൂപയ്‌ക്ക് മുകളിൽ ഓരോ 1000 രൂപയ്‌ക്കും 5 രൂപ വീതം ഈടാക്കും.