ന്യൂഡൽഹി: ശുദ്ധീകരിച്ച പാം ഓയിലിന്‍റെ ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്ന് 45 ശതമാനമായും, അസംസ്‌കൃത പാം ഓയിലിന്‍റേത് (സിപിഒ) 40 ശതമാനത്തിൽ നിന്ന് 37.5 ശതമാനമായും കുറച്ചു. ഇതുസംബന്ധിച്ച് ധനകാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് ആഭ്യന്തര പാം ഓയിൽ ശുദ്ധീകരണ വ്യവസായികളെ ബാധിക്കുമെന്നതിനാൽ പാമോലിൻ വ്യവസായ മേഖല എതിർത്തിരുന്നു.
പാം ഓയിലിന്‍റെ ഇറക്കുമതി തീരുവ കുറച്ച് സർക്കാർ - ഇന്ത്യ-മലേഷ്യ സമഗ്ര സാമ്പത്തിക സഹകരണ കരാർ
ഇത് ആഭ്യന്തര പാം ഓയിൽ ശുദ്ധീകരണ വ്യവസായികളെ ബാധിക്കുമെന്നതിനാൽ പാമോലിൻ വ്യവസായ മേഖല എതിർത്തിരുന്നു
ആസിയാൻ കരാർ, ഇന്ത്യ-മലേഷ്യ സമഗ്ര സാമ്പത്തിക സഹകരണ കരാർ (ഐഎംസിസിഎ) എന്നിവ പ്രകാരമാണ് തീരുവ വെട്ടികുറക്കലെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഇറക്കുമതി തീരുവ കുറച്ചതിനുശേഷം ക്രൂഡ് പാം ഓയിലും ശുദ്ധീകരിച്ച പാമോലിനും തമ്മിലുള്ള നികുതി വ്യത്യാസം 10 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറഞ്ഞുവെന്ന് സോൾവന്‍റ് എക്‌സ്‌ട്രാക്റ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്ഇഎ) പറഞ്ഞു. ഇത് ആഭ്യന്തര പാം ഓയിൽ ശുദ്ധീകരണ വ്യവസായത്തെയും എണ്ണക്കുരു കൃഷിക്കാരെയും സാരമായി ബാധിക്കും. ശുദ്ധീകരിച്ച പാം ഓയിൽ ഇറക്കുമതി വർദ്ധിച്ചാൽ ആഭ്യന്തര വ്യവസായത്തിന്‍റെ ശേഷി വിനിയോഗം തൊഴിൽ നഷ്‌ടത്തിന് കാരണമാകുമെന്നും ഭയപ്പെടുന്നതായി എസ്ഇഎ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ബി.വി മേത്ത പ്രസ്‌താവനയിൽ പറഞ്ഞു. വളരെക്കാലത്തിനുശേഷമാണ്, ആഭ്യന്തര എണ്ണക്കുരുക്കൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ താങ്ങു വിലക്ക് (എംഎസ്‌പി) മുകളിൽ വിൽക്കാൻ തുടങ്ങിയത്. ഇറക്കുമതി തീരുവ കുറച്ചാൽ ഇത് എണ്ണക്കുരു കർഷകരെ ബാധിക്കുമെന്നും ബി.വി മേത്ത പറഞ്ഞു. രാജ്യത്തെ ഉപഭോഗത്തിന്‍റെ 70 ശതമാനത്തോളം ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുകയാണ്. ആഭ്യന്തര എണ്ണക്കുരു ഉൽപാദനം വർദ്ധിപ്പിക്കുകയെന്ന സർക്കാർ പ്രഖ്യാപിത ലക്ഷ്യത്തിന് വിരുദ്ധമാണ് തീരുവ വെട്ടിക്കുറക്കുന്നതെന്നും ബി.വി മേത്ത പറഞ്ഞു. ഇന്ത്യയും മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെപ്പോലെ കർഷകരുടെ താൽപര്യം സംരക്ഷിക്കണമെന്ന് എസ്‌ഇഎ അഭിപ്രായപ്പെട്ടു.
ഉചിതമായ നടപടികൾ സ്വീകരിച്ച് അസംസ്‌കൃത പാം ഓയിലും ശുദ്ധീകരിച്ച പാം ഓയിലും തമ്മിലുള്ള തീരുവ വ്യത്യാസം 15 ശതമാനമാക്കണമെന്ന് സർക്കാരിനോട് ശക്തമായി അഭ്യർത്ഥിക്കുന്നതായും വ്യവസായ സംഘടന കൂട്ടിച്ചേർത്തു.