വാഷിങ്ടണ്‍:ചൈനക്ക് വായ്‌പ നല്‍കാനുള്ള ലോക ബാങ്കിന്‍റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. സമ്പദ് വ്യവസ്ഥയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ചൈനക്ക് ഇപ്പോള്‍ വായ്‌പയുടെ ആവശ്യമില്ലെന്നാണ് ട്രംപിന്‍റെ വിശദീകരണം. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനക്ക് വായ്പ നല്‍കുന്നത് സാധ്യമോ എന്നും ചൈനക്ക് പണത്തിന്‍റെ ആവശ്യമുണ്ടെങ്കില്‍ അവര്‍ അത് സ്വയം കണ്ടെത്തണമെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ട്രംപിന് കീഴില്‍ യുഎസ് ട്രഷറി വകുപ്പ് സെക്രട്ടറിയായിരുന്ന ഡേവിഡ് മല്‍പാസ് ലോകബാങ്കിന്‍റെ തലവനാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇപ്പോള്‍ ട്രഷറി സ്ഥാനം വഹിക്കുന്ന സ്റ്റീവന്‍ മ്യൂചിന്‍ ട്രംപിന് പിന്തുണ അറിയിക്കുന്ന രീതിയിലാണ് ഈ തീരുമാനത്തോട് പ്രതികരിച്ചത്. കുറച്ച് തുകയാണ് നല്‍കുന്നതെന്നാണ് ലോകബാങ്ക് വ്യക്തമാക്കുന്നത് . എന്നാല്‍ കുറവ് വരുത്തിയാല്‍ മാത്രം പോരാ വായ്പ നല്‍കുന്നത് പൂര്‍ണമായും അവസാനിപ്പിക്കണമെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ ആവശ്യം.
കുറഞ്ഞ പലിശാ നിരക്കില്‍ ആനുകൂല്യങ്ങളോടെ അഞ്ച് വര്‍ഷത്തേക്ക് 2020 ജൂണില്‍ 150 കോടി രൂപ ചൈനക്ക് കടമായി നല്‍കാനാണ് ലോക ബാങ്കിന്‍റെ തീരുമാനം. ലോക ബാങ്കിന്‍റെ തീരുമാനത്തിനെതിരെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂചും നിയമവിദഗ്ധരും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ചൈനയുടെ ഘടനാപരവും പാരിസ്ഥിതികവുമായ നവീകരണത്തിനായാണ് വിശാല നയത്തിന്‍റെ ഭാഗമായി കടം നല്‍കുന്നതെന്നാണ് ലോകബാങ്കിന്‍റെ വിശദീകരണം. 2018 ല്‍ അംഗീകരിച്ച 1800 കോടി രൂപയുടെ മൂലധന വര്‍ധനവിന്‍റെ ഭാഗമായി അംഗീകരിച്ച പരിഷ്കരണങ്ങളുടെ ഭാഗമായാണ് രാഷ്ട്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് ലോകബാങ്ക് അംഗീകാരം നല്‍കിയത്.