മുംബൈ: സവാള വില ഉയരുന്നതോടെ നഗരങ്ങളിലെ റെസ്റ്റോറന്‍റുകൾ, ഭക്ഷണശാലകൾ, ഹോട്ടലുകൾ എന്നിവടങ്ങളിലെ ഭക്ഷണസാധനങ്ങളുടെ വില നിരക്ക് കൂട്ടുന്നു. വില വർധിപ്പിക്കാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് റെസ്‌റ്റോറന്‍റ് ഉടമകൾ പറയുന്നത്. നഗരങ്ങളിലെ ചില്ലറ വിൽപ്പനക്കാർ ഒരു കിലോക്ക് 70-80 രൂപ നിരക്കിലാണ് സവാള വിൽക്കുന്നത്.
സവാള വിലക്കൊപ്പം ഭക്ഷണ വിലയും കുതിക്കുന്നു
സവാളയുടെ വില ഉയരുന്നത് മൂലം ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിക്കാതെ മറ്റ് മാർഗങ്ങളില്ലെന്ന് റെസ്റ്റോറന്‍റ് ഉടമകൾ പറയുന്നു.
പല ഉപഭോക്താക്കളും പ്രധാന വിഭവത്തിനൊപ്പം സവാള ആവശ്യപ്പെടാറുണ്ടെന്നും എന്നാൽ മുൻപത്തെപ്പോലെ സൗജന്യമായി നൽകാൻ കഴിയാത്തതിനാൽ ഒരു പ്ലേറ്റ് സവാളക്ക് 15 രൂപ അധികമായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ തുടങ്ങിയെന്ന് അറിയിക്കാനായി ഹോട്ടലിൽ ബോർഡ് സ്ഥാപിച്ചെന്നും സിയോൺ-കോളിവാഡ പ്രദേശത്ത് ഭാരത് ലഞ്ച് ഹോം എന്ന ഹോട്ടൽ നടത്തുന്ന പ്രകാശ് ഷെട്ടി പറഞ്ഞു.
മുൻകാലങ്ങളിൽ, ഏകദേശം 10 കിലോ സവാള ദിവസേന ഉപഭോക്താക്കൾക്ക് ഭക്ഷണത്തോടൊപ്പം സൗജന്യമായി നൽകാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ അധിക നിരക്ക് ഈടാക്കാൻ തീരുമാനിച്ചെന്ന് മറ്റൊരു റെസ്‌റ്റോറന്‍റ് ഉടമ പറഞ്ഞു.സവാള ഉപയോഗിച്ച് തയ്യാറാക്കുന്ന നിരവധി വിഭവങ്ങളുടെ വില ഉയർന്നു. നേരത്തെ മൊത്ത വിപണിയിൽ നിന്ന് സവാള വാങ്ങിയിരുന്നത് കിലോയ്ക്ക് 15-20 രൂപ നിരക്കിലാണ്. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി സവാളയുടെ വില ഉയരുന്നത് മൂലം നിരവധി പ്രശ്‌നങ്ങൾ നേരിടുന്നതായും റെസ്‌റ്റോറന്‍റ് ഉടമകള്‍ പറയുന്നു. പുതിയ സവാള കിലോക്ക് 80 രൂപയുംപഴയ സ്റ്റോക്കിന് കിലോഗ്രാമിന് 125 രൂപ ഈടാക്കാറുണ്ടെന്ന് ഒരു ചില്ലറ പച്ചക്കറി കച്ചവടക്കാരൻ പറഞ്ഞു.സവാള ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനളിൽ പ്രളയവും കനത്ത മഴയും മൂലം വിതരണം തടസപ്പെട്ടതാണ് സവാള വില കുത്തനെ ഉയരാൻ കാരണമായത്.